സ്വകാര്യ ബസുകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടിമറിക്കാന്‍ നീക്കം

Monday 30 January 2017 10:36 pm IST

എരുമേലി: സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ മികച്ച വരുമാനമുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അട്ടിമറിക്കാന്‍ അണിയറ നീക്കം. എരുമേലി ഡിപ്പോയിലെ ഇടുക്കി-കുയിലുമലയിലേക്കുള്ള സര്‍വ്വീസാണ് അട്ടിമറിക്കാന്‍ രഹസ്യ നീക്കം നടക്കുന്നത്. സംസ്ഥാന ഭരണകക്ഷിയിലെ പ്രമുഖ യൂണിയന്‍ നേതാക്കള്‍ തന്നെയാണ് അട്ടിമറിക്ക് ചുക്കാന്‍ പിടിക്കുന്നത്. എരുമേലിയില്‍ നിന്നും വെളുപ്പിന് 4ന് ആരംഭിച്ച് പൊന്‍കുന്നത്തെത്തുന്ന ബസ് മുണ്ടക്കയം വഴി ഇടുക്കി - കുയിലുമലയില്‍ എത്തുന്നതാണ് റൂട്ട്. എന്നാല്‍ ഇതിനു പിന്നാലെ സര്‍വ്വീസ് നടത്തുന്ന മറ്റ് രണ്ട് സ്വകാര്യ ബസുകളെ സഹായിക്കാനാണ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ സമയത്തില്‍ മാറ്റം വരുത്തി നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ത്ത് സര്‍വ്വീസ് നിര്‍ത്താനാണ് ശ്രമം. കെഎസ്ആര്‍ടിസിയുടെ സമയം സ്വകാര്യ ബസിന്റെ പിന്നിലാക്കാന്‍ ഭരണകക്ഷിയിലുള്ള തൊഴിലാളി സംഘടനാ നേതാക്കള്‍ ഭരണകക്ഷിയിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഇതിനകം സമീപിച്ചു കഴിഞ്ഞു. ഇതു നടപ്പിലായാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നഷ്ടത്തിലാകുകയും പിന്നീട് നിര്‍ത്താനുമാണ് ഇവരുടെ ഗൂഢലക്ഷ്യം. അട്ടിമറിക്ക് പിന്നില്‍ സിപിഎം അനുഭാവികളുടെ ഉടമസ്ഥയിലുള്ള രണ്ട് സ്വകാര്യ ബസുടമകളാണെന്ന ആരോപണവും ശക്തമായി കഴിഞ്ഞു. മലയോര മേഖലയില്‍ക്കൂടി ലാഭത്തിലോടുന്ന കെ എസ്ആര്‍ ടിസിയുടെ പല റൂട്ടുകളും ഇത്തരത്തില്‍ സ്വകാര്യ ബസ് ലോബികള്‍ കൈയ്യടക്കി വച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ റൂട്ട് പരിഷ്‌ക്കരണത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മറ്റു ഡിപ്പോകളില്‍ നിന്നും ചില ജീവനക്കാരുടെ അകമഴിഞ്ഞ ഒത്താശയും ഇക്കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട്. കോര്‍പ്പറേഷനെ തകര്‍ക്കുന്ന തരത്തില്‍ വരുമാനമുള്ള കെഎസ്ആര്‍ടിസി ബസുകളെ ഒറ്റു കൊടുക്കുന്ന ചിലരുടെ നടപടിയും തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.