സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Tuesday 31 January 2017 11:46 am IST

കൊച്ചി: ലോ അക്കാദമിയുടെ മുന്നിലുള്ള സമരപ്പന്തല്‍ പൊളിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായരുടെ ആവശ്യം കോടതി അനുവദിച്ചില്ല. എന്നാല്‍ കോളേജില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അക്കാദമിക്ക് പോലീസ് സംരക്ഷണം നൽകാൻ നേരത്തെ ഉത്തരവിട്ടതിനാൽ വീണ്ടും പ്രത്യേക ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ലോ അക്കാദമിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമാധാനപരമായാണ് സമരം നടത്തുന്നതെന്നും കോളേജിലേക്കുള്ള പ്രവേശനം സമരക്കാർ തടസപ്പെടുത്തുന്നില്ലെന്നും ഹർജി പരിഗണിച്ചപ്പോൾ വിദ്യാർത്ഥി സംഘടനകൾ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് സമരപ്പന്തൽ പൊളിക്കാൻ ഉത്തരവു നൽകാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ലോ അക്കാദമിക്കു മുന്നിൽ ബിജെപി നേതാവ് വി. മുരളീധരൻ നിരാഹാര സമരം കിടക്കുന്നതുൾപ്പടെയുള്ള സമരപ്പന്തലുകൾ കോളേജിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്നുവെന്നും ഇവ പൊളിക്കാൻ ഉത്തരവിടണമെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി നായർ ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.