ഗ്രഹദോഷശാന്തി സരസ്വതീഭജനത്തിലൂടെ

Tuesday 8 May 2012 10:28 pm IST

സരസ്വതീദേവിയെ ജ്യോതിഷത്തില്‍ ഏതെങ്കിലും ഗ്രഹത്തിന്റെ അധിദേവതയായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദശാകാലപരിഗണനകള്‍ ഇല്ലാതെ തന്നെ സരസ്വതിദേവിയെ ഭജിക്കാവുന്നതാണ്‌. എങ്കിലും ജാതകത്തില്‍ 2, 4, 5, 9 എന്നീ ഭാവങ്ങളില്‍ പക്ഷബലമുള്ള ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലും നിന്നാല്‍ ആ ജാതകന്‍ സരസ്വതീദേവിയെ ഭജിക്കുന്നത്‌ ഫലപ്രദമായിരിക്കും. തന്മൂലം ബുദ്ധിശക്തി, വാഗ്‌വിശുദ്ധി, വിദ്യാനൈപുണി, സാത്ത്വികത തുടങ്ങിയവ കൈവരുന്നു. ഋഗ്വേദാന്തര്‍ഗ്ഗതമായ സാരസ്വതസൂക്തം ഈ ഗുണങ്ങള്‍ കൈവരിക്കുന്നതിന്‌ ഉത്തമമാണ്‌. സരസ്വതീയാമത്തില്‍ (പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍) ശുദ്ധമായി ഈ സൂക്തം ജപിക്കുന്നതുമൂലം വിദ്യ, ബുദ്ധി, വാഗ്ശുദ്ധി എന്നിവ കൈവരുന്നു. വയമ്പ്‌ അരച്ച്‌ പശുവിന്‍നെയ്യ്‌ ചേര്‍ത്ത്‌ സാരസ്വതസൂക്തം തൊട്ടുജപിച്ച്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ അവര്‍ക്ക്‌ മുന്‍പ്‌റഞ്ഞ ഗുണങ്ങള്‍ ഉണ്ടാകുന്നതിന്‌ ഉത്തമമാണ്‌. അഞ്ചുവയസ്സുവരെ ഇത്‌ തുടരാം. സരസ്വതീ മന്ത്രങ്ങള്‍, ബാലാമന്ത്രങ്ങള്‍, താരാമന്ത്രങ്ങള്‍ എന്നിവ കൈവരുത്തുന്നതാണ്‌. സാരസ്വതചൂര്‍ണം ബ്രഹ്മീഘൃതം ചേര്‍ത്ത്‌, വാഗ്ദേവതയുടെ ഏകാദശാക്ഷരീമന്ത്രം ജപിച്ച്‌ ശക്തിവരുത്തി കുട്ടികള്‍ക്ക്‌ പതിവായി നല്‍കുന്നത്‌ മുന്‍പറഞ്ഞ ഗുണങ്ങള്‍ സിദ്ധിക്കുന്നതിന്‌ ഉത്തമം. നന്ദ്യാര്‍വട്ടപ്പൂവം, മുല്ലപ്പൂവ്‌ തുടങ്ങിയ വെളുത്ത പൂക്കള്‍ ത്രിമധുരത്തില്‍ മുക്കി മേല്‍പ്പറഞ്ഞ മന്ത്രം 1008 ജപിച്ച്‌ ഹോമിക്കുന്നതും ഫലപ്രദമാണ്‌. ബാലായന്ത്രം, താരായന്ത്രം, വിദ്യാരാജ്ഞീയന്ത്രം തുടങ്ങിയവ വിധിപ്രകാരം തയ്യാറാക്കി ധരിക്കുന്നതും വിദ്യാനൈപുണിക്ക്‌ ഉത്തമമാണ്‌. ഈ യന്ത്രങ്ങള്‍ കുട്ടികള്‍ക്ക്‌ ധരിക്കുന്നതും അത്യുത്തമമാണ്‌. - ഡോ. ബാലകൃഷ്ണവാര്യര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.