ഭൂമിയെ രക്ഷിക്കാന്‍ പരിസ്ഥിതി സൗഹൃദ ജീവിതം ശീലിക്കണം : ഡോ.എസ്.ശാന്തി

Tuesday 31 January 2017 7:55 pm IST

കല്‍പ്പറ്റ : ഭൂമിയെ നാശത്തില്‍നിന്നു രക്ഷിക്കാന്‍ മനുഷ്യര്‍ പരിസ്ഥിതിസൗഹൃദ ലളിതജീവിതം ശീലിക്കണമെന്ന് പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകയും ശാസ്ത്രജ്ഞയുമായ ഡോ. എസ്. ശാന്തി. പരിസ്ഥിതി പ്രവര്‍ത്തകനുമായിയിരുന്ന കര്‍ഷകന്‍ വി.എം.ഹരിദാസിന്റെ സ്മരണാര്‍ഥം വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തൃക്കൈപ്പറ്റയിലെ എന്‍.വി. കൃഷ്ണനു സമ്മാനിക്കുന്നതിനു നായ്‌ക്കെട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അഞ്ച് കൂട്ട വംശനാശങ്ങ ള്‍ക്ക് സാക്ഷ്യവഹിച്ച ഭൂമി ആറാമത്തേതിന്റെ വക്കിലാണ്. ജീവജാതികളുടെ ത്വരിതഗതിയിലുള്ള തിരോധാനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജീവന്റെ പരസ്പരബന്ധവും ആശ്രിതത്വവും നിലനിര്‍ത്തുകയും ലഭ്യമായ വിഭവങ്ങള്‍ സൗഹൃദത്തോടെ പങ്കിട്ട് ജീവിക്കാന്‍ ശീലിക്കുകയുമാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനുള്ള പോംവഴി. തെറ്റായ വികസന പ്രക്രിയയിലൂടെയാണ് മനുഷ്യര്‍ ഭൂമിയെ സര്‍വനാശത്തോളം എത്തിച്ചത്. സാങ്കേതികവിദ്യയിലും കലയിലും തത്വശാസ്ത്രത്തിലുമെല്ലാം മനുഷ്യര്‍ ബഹുദൂരം മുന്നേറിയത് സ്വയം നശിച്ചും തകര്‍ത്തുമാണ്. എത്ര സമ്പന്നമായ നാഗരികതയ്ക്കും 400-500 വര്‍ഷത്തെ ആയുസേ ഉള്ളൂ. അതിജീവിക്കാന്‍ കഴിയാതെപോയ സംസ്‌കാരങ്ങള്‍ നമുക്കുമുന്നില്‍ നിരവധിയാണ്. എന്നാല്‍ ഭൂമിയുടെ സന്തുലിതത്വം സംരക്ഷിച്ച് ജൈവപരിണാമത്തിലൂടെ കൈവരിക്കുന്ന പുരോഗതി ആയിരമോ രണ്ടായിരമോ വര്‍ഷം കഴിയുമ്പോള്‍ തകര്‍ന്നുപോയേക്കാമെങ്കിലും പൂര്‍വാധികം വൈവിധ്യത്തോടെ ശക്തിയാര്‍ജിക്കും. ദിനോസറിന്റെയും മറ്റും വംശനാശത്തിനുശേഷം ഗംഭീര വൈവിധ്യത്തോടെയാണ് പരിണാമമുന്നേറ്റം ഉണ്ടായത്. അതിനാല്‍ത്തന്നെ ജൈവവൈവിധ്യ സംരക്ഷണമാണ് കാലത്തിന്റെ ആവശ്യം-ഡോ. ശാന്തി പറഞ്ഞു. അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ഡപ്യൂട്ടി ഡയറക്ടര്‍ കെ.ആശ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭകന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അനില്‍സക്കറിയ, കെ.ജി.തങ്കപ്പന്‍, എന്‍.എ.ബഷീര്‍, ബാബു മൈലമ്പാടി, എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, ഗോപാലകൃഷ്ണന്‍, എം.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.