പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ഹോക്കി ഇന്ത്യ

Wednesday 1 February 2017 3:14 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഹോക്കിക്കെതിരെ കടുത്ത നിലപാടുമായി ഹോക്കി ഇന്ത്യ രംഗത്ത്. 2014ലെ ചാമ്പ്യന്‍സ് ട്രോഫിക്കിടെ മോശമായി പെരുമാറിയ പാക് താരങ്ങള്‍ പരസ്യമായി മാപ്പുപറയാതെ പാക്കിസ്ഥാനുമായി ഒരു പരമ്പരയും കളിക്കില്ലെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഹോക്കി ഇന്ത്യക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം പാക് താരങ്ങള്‍ ജഴ്‌സിയഴിക്കുകയും കാണികള്‍ക്ക് നേരെ അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കിയിരുന്നു. ഇത് ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവത്തെ തുടര്‍ന്നാണെന്ന് പാക്കിസ്ഥാന്‍ ഹോക്കി സെക്രട്ടറി ഷഹബാസ് അഹമ്മദ് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിസക്ക് വേണ്ടിയുള്ള അപേക്ഷ വൈകിപ്പിച്ചതിനാലാണ് പാക്കിസ്ഥാന് കഴിഞ്ഞ ജൂനിയര്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്നതെന്നാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവുമായി കൂട്ടിക്കുഴക്കുന്നത് നാണംകെട്ട കാര്യമാണെന്ന് ഹോക്കി ഇന്ത്യ ബോര്‍ഡംഗം ആര്‍.പി. സിംഗ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.