ഒഞ്ചിയം മോഡല്‍ വിഭാഗീയത; ബേഡകത്ത്‌ കര്‍ശന നടപടിക്ക്‌ സിപിഎം ഒരുങ്ങുന്നു

Tuesday 8 May 2012 11:23 pm IST

ബേഡകം: സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയില്‍ ഏരിയാ സമ്മേളനത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ വീഭാഗീയ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കി ജില്ലാ നേതൃത്വത്തിന്‌ സമര്‍പ്പിച്ചു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക്‌ നേതൃത്വം നല്‍കിയ വിമത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുമെന്നുറപ്പായി. കഴിഞ്ഞ ബേഡകം ഏരിയാസമ്മേളനത്തില്‍ മുന്‍ഏരിയാ സെക്രട്ടറി പി ദിവാകരന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വെട്ടിനിരത്തപ്പെട്ടതോടെയാണ്‌ വിഭാഗീയത പാരമ്യതയിലെത്തിയത്‌. പാര്‍ട്ടിയിലെ എതിര്‍ ചേരിയുമായുള്ള മത്സരത്തില്‍ പി ദിവാകരന്‍ പക്ഷം പരാജയപ്പെടുകയായിരുന്നു. തങ്ങളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നും പുതിയ കമ്മിറ്റി പിരിച്ചുവിട്ട്‌ വീണ്ടും സമ്മേളനം നടത്തണമെന്നും ആവശ്യപ്പെട്ട്‌ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി പി ദിവാകരന്‍, കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ പി ഗോപാലന്‍ മാസ്റ്റര്‍, കെ പി രാമചന്ദ്രന്‍, എ മാധവന്‍, എം ഗോപാലന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിക്ക്‌ പരാതിനല്‍കുകയിരുന്നു. പാര്‍ട്ടി ഓഫീസിന്‌ മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയും കരിഓയില്‍ പ്രയോഗം നടത്തിയുമാണ്‌ ദിവാകരന്‍ പക്ഷം തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. എന്നാല്‍ ദിവാകരന്‍ വിഭാഗം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ കലാപക്കൊടി തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി മറു വിഭാഗവും നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നു. ബേഡകം ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍പ്പെട്ട പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നടങ്കം വിഭാഗീയ പ്രശ്നങ്ങളുടെ പേരില്‍ ഇളകി മറിഞ്ഞതോടെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ എം വി ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം വി കോമന്‍ നമ്പ്യാര്‍, എ കെ നാരായണന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു. ഈ കമ്മിറ്റിയാണ്‌ തെളിവെടുപ്പ്‌ നടത്തിയ ശേഷം അന്വേഷണം പൂര്‍ത്തിയാക്കി നേതൃത്വത്തിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ പ്രധാനമായും പി ദിവാകരനും ഗോപാലന്‍ മാസ്റ്ററും നയിക്കുന്ന വിഭാഗത്തിന്‌ എതിരെയാണ്‌ എന്നൊരു സൂചനയുണ്ട്‌. ഏരിയാ സമ്മേളനത്തിന്‌ ശേഷം ദിവാകരന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയതും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ്‌ ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മറുപക്ഷത്തെ ചില നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്‌. കമ്മീഷണ്റ്റെ നിഗമനം തങ്ങള്‍ക്ക്‌ എതിരെയാണെന്ന്‌ വ്യക്തമായതോടെ വിമത വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുകയാണ്‌. കുറ്റിക്കോലിലെ നെരുദ പഠനകേന്ദ്രം, സണ്‍ഡേ തീയേറ്റര്‍ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളെ ചുറ്റിപറ്റിയാണ്‌ പാര്‍ട്ടിയിലെ വിമത വിഭാഗത്തിണ്റ്റെ പ്രവര്‍ത്തനം സജീവമായിരിക്കുന്നത്‌. നെരുദ പഠന കേന്ദ്രം ൨൦-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഷോഷിക്കുകയാണ്‌. ഈ പരിപാടിയില്‍ മേഖലയിലെ ഔദ്യോഗിക പക്ഷ നേതാക്കളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നുണ്ട്‌. പാര്‍ട്ടി തീരുമാനം നടപ്പാക്കുന്ന കലാസമിതിയായ നെരുദ പഠനം കേന്ദ്രം ൨൦-ാം വാര്‍ഷികം നടത്തുന്നത്‌ സംബന്ധിച്ച്‌ പാര്‍ട്ടി കമ്മിറ്റിയുമായി ആലോചിച്ചില്ലെന്ന്‌ ഔദ്യോഗീക വിഭാഗം കുറ്റപ്പെടുത്തി വിമത വിഭാഗത്തിണ്റ്റെ താല്‍പ്പര്യത്തിന്‌ അനുസരിച്ചാണ്‌ സണ്‍ഡേ തിയേറ്ററിണ്റ്റെ പ്രവര്‍ത്തനവും മുന്നോട്ട്‌ പോകുന്നത്‌ എന്നും ആക്ഷേപമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.