കണ്ണൂര്‍: പിലാത്തറ ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം) ഈ വര്‍ഷത്തെ മഹോത്സവം നാളെ മുതല്‍ പത്ത് വരെ വിവിധ ആദ്ധ്യാത്മിക, കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ് രാത്രി എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാത്രി ഒമ്പതിന് ചരടുകുത്തി കോല് കളി, നാലിന് നൃത്തനൃത്ത്യങ്ങള്‍, നാല് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് കാഴ്ച്ച ശീവേലിയും തിടമ്പു നൃത്തവും നടക്കും. അഞ്ചിന് രാത്രി എട്ട് മണിക്ക് കഥകളി കലാകാരന്മാര്ക്കുള്ള വാരണക്കോട് കൃഷ്ണന് നമ്പൂതിരി എന്‍ഡോവ്മെന്റ് വിതരണവും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി ടെക് ഇലക്ട്രോണിക്സില് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി.ശങ്കരന് നമ്പൂതിരിക്കുള്ള അനുമോദനവും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മറോളി നിര്‍വ്വഹിക്കും. ആറ് മുതല്‍ എട്ട് വരെ ചാക്യാര്‍കൂത്ത്, അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ തായമ്പക, ഏഴിന് തിരുമുല്‍ കാഴ്ച്ച, എട്ടിന് കണ്ണൂര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഒമ്പതിന് ഓട്ടന്തുള്ളല് തുടങ്ങിയവ അരങ്ങേറും. കെ.നാരായണന് കുട്ടി, പി.ജനാര്ദ്ദനന് നായര്‍, എഡി നമ്പ്യാര്‍, കെ.കണ്ണന് മാസ്റ്റര്‍, എസ്.എ.രാജന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: