ശാരദാദേവി പറഞ്ഞത്

Wednesday 1 February 2017 7:24 pm IST

ഓഷോ പറഞ്ഞത് ശ്രീരാമകൃഷ്ണ പരമഹംസര്‍ സമാധിയായി. സമാധിക്ക് തൊട്ടുമുമ്പ് അദ്ദേഹത്തെ രക്ഷിക്കാനാവില്ല' എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പരമഹംസരുടെ പത്‌നി ശാരദാദേവി വിതുമ്പി. ശ്രീരാമകൃഷ്ണ പരമഹംസരുടെ അവസാന വാക്ക് ഇതാണ്: അദ്ദേഹം ഭാര്യയോട് പറഞ്ഞു: 'കരയരുത് , ഞാന്‍ മരിക്കാന്‍ പോകുകയല്ല. ഡോക്ടര്‍ പറഞ്ഞത് എന്റെ വസ്ത്രത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്.' അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞു: 'എനിക്കറിയാവുന്നിടത്തോളം അര്‍ബുദം എന്നിലില്ല. അത് വസ്ത്രത്തിനെയുള്ളു. അതു കൊണ്ടോര്‍ക്കുക, ശരീരം നിശ്ചലമായെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അവരെ വിശ്വസിക്കേണ്ട. എന്നെ വിശ്വസിക്കുക. ഞാന്‍ ജീവിക്കും' ഭാരതത്തിന്റെ മുഴുവന്‍ ചരിത്രമെടുത്താലും ഭര്‍ത്താവ് ദേഹം വെടിഞ്ഞിട്ടും വിധവയാകാതിരുന്ന ഒരേയൊരാള്‍ ശാരദാദേവിയാണ്. എന്തെന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാരതത്തിലെ സ്ത്രീകള്‍ അവരുടെ ജീവിത രീതി അപ്പാടെ മാറ്റുമായിരുന്നു. അവര്‍ നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കില്ല. ആഭരണണങ്ങള്‍ ധരിക്കില്ല. ജീവിതത്തിന്റെ നിറങ്ങള്‍ അവരില്‍ നിന്നും കൊഴിഞ്ഞു പോയതിനാല്‍ . പക്ഷേ, ശാരദാദേവി ജീവിതരീതിക്ക് മാറ്റം വരുത്തിയില്ല. ജനങ്ങള്‍ വിചാരിച്ചു, ദേവിക്ക് മനോനില തെറ്റിയെന്ന്. 'അമ്മേ, അവിടുത്തെ ആഭരണങ്ങള്‍ ഉപേക്ഷിച്ചാലും, പ്രത്യേകിച്ച് വളകള്‍. അവിടുന്ന് ഇപ്പോള്‍ വിധവയാണ്,' ചിലര്‍ അഭ്യര്‍ഥിച്ചു. ശാരദാദേവിക്ക് ചിരി വന്നു. 'ഞാന്‍ നിങ്ങളില്‍ വിശ്വസിക്കണമോ, അതോ പരമഹംസരില്‍ വിശ്വസിക്കണോ? അദ്ദേഹം പറഞ്ഞത് വസ്ത്രമാണ് പോകുന്നത്. ഞാനല്ല' എന്നാണ്. ഞാന്‍ അദ്ദേഹത്തെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെയല്ല. അതു കൊണ്ട് ഞാന്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണോ അതോ രാമകൃഷ്ണ ദേവന്‍ പറഞ്ഞത് വിശ്വസിക്കണോ?' ശാരദാദേവി ശ്രദ്ധിച്ചത് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതാണ്. ഉള്ള് നിറഞ്ഞ ആനന്ദത്തോടെയാണവര്‍ ജീവിച്ചത്. ശ്രീരാമകൃഷ്ണരുടെ വാക്കുകളില്‍ കൊടുത്ത ശ്രദ്ധ ദേവിയെ ആകെ മാറ്റി. ശരീരമല്ല യഥാര്‍ഥം എന്ന സത്യം ആ തപസ്വിനി മനസ്സിലാക്കി. ദിവസവും രാത്രി കിടക്ക വിരിച്ച് തയ്യാറാക്കി ശാരദാദേവി പരമഹംസരുടെ മുറിയില്‍ പോയി പറയും: 'പരമഹംസദേവാ, വരിക ഉറങ്ങാന്‍ സമയമായല്ലോ ' അവര്‍ ഭക്ഷണം തയ്യാറാക്കി എപ്പോഴത്തെയും പോലെ സന്തോഷത്തോടെ മനോഹരമായി കീര്‍ത്തനങ്ങള്‍ പാടി ശ്രീരാമകൃഷ്ണ പരമഹംസരെ വിളിക്കും. 'വരിക, പരമഹംസദേവാ, ഭക്ഷണം തയ്യാറായിരിക്കുന്നു.' ആ അമ്മ പരമമായതിനെ അറിഞ്ഞിരുന്നു. ഈ ജീവിതരീതി ഒരു ദിവസത്തേക്കല്ല ജീവിതാവസാനംവരെ ശാരദാദേവി തുടര്‍ന്നിരുന്നു. 'ഞാനല്ല എന്റെ വസ്ത്രമാണ് ഇല്ലാതാകുന്നത് ' എന്ന ശ്രീരാമകൃഷ്ണരുടെ ലളിതമായ വാക്കുകള്‍ തന്നെ അവരെ മാറ്റി. ആ പുണ്യചരിത വിശുദ്ധീകരിക്കപ്പെട്ടു. ബോധോദയം സിദ്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.