മ്ലാവ് വേട്ട; നാലുപേര്‍ അറസ്റ്റില്‍

Wednesday 1 February 2017 8:31 pm IST

രാജകുമാരി: സ്വകാര്യ ഏലം എസ്റ്റേറ്റിനോട് ചേര്‍ന്ന വനഭൂമിയില്‍ നിന്നും മ്ലാവിനെ വേട്ടയാടിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി. അല്‍മിറായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ശാന്തമ്പാറയിലുള്ള ഏലം എസ്റ്റേറ്റിന് സമീപത്തെ വനത്തില്‍ നിന്നും മ്ലാവിനെ വെടിവെച്ചു കൊന്ന കേസില്‍ ചേരിയാര്‍, പുല്‍പ്പാറയില്‍ ബേബി(59), ബന്ധുവായ കുരുവിളാസിറ്റി,പുല്‍പ്പാറയില്‍ ബിനുമ എബ്രഹാം(34), കൂന്തപ്പനത്തേരി സ്വദേശികളായ ഗോപി കറുപ്പുസ്വാമി(37), അനീഷ് ആരോഗ്യം(27)എന്നിവരെയാണ് ശാന്തമ്പാറ ഫോറസ്റ്റ് ഓഫീസര്‍ എ.ഗിരിചന്ദ്രന്‍,മതികെട്ടാന്‍ചോല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. മതികെട്ടാന്‍ചോല ദേശീയോദ്ദ്യോനത്തിന് സമീപമാണ് ഈ എസ്റ്റേറ്റ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ എസ്റ്റേറ്റിലെ ജീവനക്കാര്‍ വെടിശബ്ദം കേട്ടതിനെതുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകരെത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് വെടിവെച്ച് കൊന്ന മ്ലാവിന്റെ തൊലിയുരിഞ്ഞുകൊണ്ടിരുന്ന പ്രതികളെ കണ്ടെത്തിയത്. 60 കിലോഗ്രാമിലധികം വരുന്ന മ്ലാവിന് നാല് വയസ് പ്രായം മുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും നാടന്‍തോക്കും തിരയും കണ്ടെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരായ ആര്‍.റെനി, എ.അരുണ്‍രാജ്, ടി.എച്ച്.അബു, പി.അല്ലിമുത്തു, തോമസ് മാത്യു എന്നിവരും തിരച്ചിലില്‍ പങ്കെടുത്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ഇ.സിബി, ദേവികുളം റേഞ്ച് ഓഫീസര്‍ എന്‍.കെ.അജയഘോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ശാന്തമ്പാറ ഫോറസ്റ്റ് ഓഫീസിലെത്തിച്ച മ്ലാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നശിപ്പിച്ചു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.