കുമളി: വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന് വളപ്പിലെ ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ മോഷ്ടാക്കളുടെ ശ്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ സ്റ്റേഷന് വളപ്പിലുള്ള ക്വാര്‍ട്ടേഴ്സിന് മുറ്റത്തെ രണ്ടു ചന്ദന മരങ്ങളാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
സംഭവം രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു. ഏകദേശം എട്ട് ഇഞ്ചോളം വണ്ണമുള്ള രണ്ടു ചന്ദന മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ച് തടി കടത്തികൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടെ മുറിച്ച കമ്പുകള്‍ അടുത്തുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയതാണ് പോലീസിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. ഉടന്‍ കൂടുതല്‍ പോലീസുകാരെത്തി ചുറ്റുപാടും പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
ഉദ്യോഗസ്ഥര്‍ താമസമില്ലാതെ ആളൊഴിഞ്ഞു കിടക്കുന്ന ക്വാര്‍ട്ടേഴ്സിന് മുന്നിലെ മരങ്ങളാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്. പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് കുമളി സി ഐ പ്രദീപ്കുമാര്‍ അറിയിച്ചു. മുന്‍പും ഈ സ്റ്റേഷന് വളപ്പിലെ ചന്ദന മരങ്ങള്‍ മോഷ്ടിച്ച സംഭവമുണ്ടായിട്ടുണ്ട്. വലുതും ചെറുതുമായ നിരവധി ചന്ദന മരങ്ങള്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന് വളപ്പിലുണ്ട്. ഇവയുടെ സംരക്ഷണം പോലീസിന്റെ ചുമതലയായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: