റബ്ബറിന് റെക്കോഡ് വില; കര്‍ഷകര്‍ ആഹ്ലാദത്തില്‍

Wednesday 1 February 2017 8:46 pm IST

കണ്ണൂര്‍: മൂന്ന് വര്‍ഷത്തിനിടയില്‍ റബ്ബറിന് റെക്കോഡ് വില. ഇന്നലെ കിലോവിന് 160 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റബ്ബര്‍ വില 160 കടക്കുന്നത്. ഇത് റബ്ബര്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ഇന്നലെ റബ്ബര്‍ ബോര്‍ഡ് വില കിലോവിന് 160 ആണ്. ബാംഗോക് വില 200.89ഉം ക്വാലാലംപൂര്‍ വില 242.85ഉം ആണ്. ഏറെ കാലത്തിനുശേഷമാണ് ബാംഗോക് വില 200 കടക്കുന്നത്. അടുത്ത ആഴ്ചയോടെ മറ്റ് രാജ്യാന്തര വിപണികള്‍കൂടി സജീവമാകുന്നതോടെ റബ്ബര്‍ വില കിലോവിന് 200ല്‍ എത്തുമെന്നാണ് റബ്ബര്‍ വ്യവസായികളുടെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് ഇന്നലെ ഇരിട്ടി മാര്‍ക്കറ്റില്‍ ഗ്രേഡ് റബ്ബറിന് കിലോവിന് 155 രൂപയും, ഗുഡ്‌ലോട്ട് വിഭാഗത്തിന് 130 രൂപയും ലോട്ടിന് 125 രൂപയും ഒട്ടുപാലിന് 100 രൂപയും ചിരട്ട്പാലിന് 90 രൂപയുമാണ് വിലയുണ്ടായത്. കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് വിലയേക്കാള്‍ സാധാരണ മൂന്ന് നാല് രൂപ കുറച്ചുമാത്രമാണ് വ്യാപാരികള്‍ നല്‍കിയിരുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വിലഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ റബ്ബര്‍ ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പല ടയര്‍ കമ്പനികളും കര്‍ഷകരില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണി സജീവമായിരിക്കുകയാണ്. രാജ്യാന്തര വിപണി ഉയര്‍ന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വിലയുയരാന്‍ ഇടയായത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവിനനുസരിച്ചുള്ള നേട്ടം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്. രാജ്യാന്തര വിപണിയില്‍ 200 കടന്നിട്ടും ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ റബ്ബര്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്നത് ഇതിന് ഉദാഹരണമാണ്. ഏകദേശം നാല്‍പത് രൂപയുടെ വ്യതാസം ആഭ്യന്തര, രാജ്യാന്തര വിപണികള്‍ തമ്മിലുണ്ട്. ആഭ്യന്തര വിപണിയില്‍ വിലയുയരാതിരിക്കാന്‍ കണക്കാക്കി പല ടയര്‍ കമ്പനികളും സംഘടിതമായി റബ്ബര്‍ വാങ്ങാതിരിക്കുകയാണ്. ഒറ്റപ്പെട്ട ചില കമ്പനികള്‍ മാത്രമേ ഇപ്പോള്‍ വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങുന്നുള്ളൂ. റബ്ബര്‍ വിലയിടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സംസ്ഥാനത്തെ വന്‍കിട മുതലാളിമാര്‍ ചെയ്യുന്നത്. തങ്ങളുടെ ഭരണനേട്ടം മൂലമാണ് റബ്ബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലയില്‍ മാറ്റമുണ്ടായതെന്ന് വീമ്പിളക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വന്‍കിട മുതലാളിമാരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് കര്‍ഷക വഞ്ചനയാണ്. 2013 ജനുവരിയില്‍ രാജ്യാന്തര വില 181 രൂപയെത്തിയപ്പോള്‍ ആഭ്യന്തര വില 151.50 ആയിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മുമ്പ് വില 150 ഉണ്ടായിരുന്നത്. പിന്നീട് വല കുത്തനെയിടിഞ്ഞ് 90ല്‍ എത്തിനില്‍ക്കുകയായിരുന്നു. 2016 ഏപ്രിലില്‍ 144 രൂപവരെ എത്തിയിരുന്നു. റബ്ബര്‍ വില 150ന് മുകളിലായതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ റബ്ബര്‍ വിലസ്ഥിരതാ പദ്ധതി നിലക്കും. റബ്ബറിന് 150 രൂപ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയാരംഭിച്ചത്. അതത് ദിവസത്തെ റബ്ബര്‍ ബോര്‍ഡ് വിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്നും പരാതിയുണ്ട്. അര്‍പിഎസ് മുഖാന്തിരമാണ് ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇതുപ്രകാരം വ്യാജ കര്‍ഷകന്മാരും ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റിയതായും പരാതിയുണ്ട്. ബില്ലുകള്‍ സമര്‍പ്പിച്ച സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപ ലഭിക്കാനുമുണ്ട്. റബ്ബര്‍ വിലവര്‍ദ്ധനവ് മലയോര കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വിന് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.