കണ്ണൂരില്‍ നിന്ന് മലപ്പുറത്തേക്ക്...

Wednesday 1 February 2017 10:26 pm IST

ന്യൂനപക്ഷ രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു ഇ അഹമ്മദ്. ജനിച്ചത് കണ്ണൂര്‍ ജില്ലയിലാണെങ്കിലും പ്രവര്‍ത്തനമേഖല മലപ്പുറമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ.ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. അഭിഭാഷകനായിരിക്കെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. 2008-ല്‍ ഗുലാം മുഹമ്മദ് ബനാത്ത്‌വാല അന്തരിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റു. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദേശീയ ട്രഷറര്‍ സ്ഥാനത്ത് നിന്നാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഏഴുതവണ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായ അഹമ്മദ് രണ്ടുതവണ കേന്ദ്രസഹമന്ത്രിയുമായി. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലായിരുന്നു അത്. 1982ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്നു.1967ല്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് വര്‍ക്കിംങ് കമ്മിറ്റി അംഗമായ അഹമ്മദ് അതേവര്‍ഷം കണ്ണൂരില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. കോണ്‍ഗ്രസിലെ എന്‍.കെ.കുമാരനെതിരെ 8,264 വോട്ടിനായിരുന്നു ജയം. തുടര്‍ന്ന് 1977, 80, 82, 87 എന്നീ വര്‍ഷങ്ങളിലും നിയമസഭാംഗമായി. 1971 മുതല്‍ 77 വരെ സംസ്ഥാന റൂറല്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. 1970-80 കാലഘട്ടത്തില്‍ ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. 1981ല്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായി. സി.എച്ച്. മുഹമ്മദ്‌കോയ, ബാഫഖി തങ്ങള്‍ തുടങ്ങിയവരുമായുള്ള അടുത്തബന്ധമാണ് അഹമ്മദിനെ മലപ്പുറവുമായി അടുപ്പിച്ചത്. 1991ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. തുടര്‍ന്നുള്ള എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം അഹമ്മദിനൊപ്പമായിരുന്നു. 1991, 96, 98, 99 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 2004-ല്‍ പൊന്നാനിയില്‍ നിന്നും 2009-ലും 15ലും മലപ്പുറം മണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലെത്തി. 2004ല്‍ ആദ്യമായി കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രിയായി. 2009-ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായി. അന്ന് റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് മറികടന്നാണ് അഹമ്മദിനെ സഹമന്ത്രിയാണ്. എന്നാല്‍ 2011ല്‍ അദ്ദേഹത്തെ റെയില്‍വേ മന്ത്രിസ്ഥാനത്ത് നിന്നു മാറ്റി വിദേശകാര്യ സഹമന്ത്രിയായി ചുമതലപ്പെടുത്തി. മാനവവിഭശേഷി മന്ത്രാലയത്തിന്റെ താല്‍കാലിക ചുമതലയും വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അടക്കം നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ 1992 മുതല്‍ 97 വരെ അംഗമായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രത്യേക ദൂതനായി നിയോഗിക്കപ്പെട്ടു. അറബ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ 2005 മുതല്‍ നയിച്ചിരുന്നത് അഹമ്മദാണ്. 2004ല്‍ പലസ്തീന്‍ സന്ദര്‍ശിച്ച് യാസര്‍ അറാഫത്തുമായി ചര്‍ച്ച നടത്തി. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ നിരവധി തവണ അഹമ്മദ് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചിട്ടുണ്ട്. വിദേശകാര്യം, റെയില്‍വേ, വ്യോമയാനം, ടൂറിസം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി വകുപ്പുകളിലെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. മൂന്നു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.