പത്തനംതിട്ട: നൂറ്റിയഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ തെളിയിക്കാനുള്ള ഭദ്രദീപവും വഹിച്ചുകൊണ്ടുള്ള ശ്രീ വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മന ആശ്രമത്തില്‍ നിന്നും പുറപ്പെടും.
രാവിലെ 8ന് വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ മഹാസമാധി സ്ഥലമായ ബാലഭട്ടാരകേശ്വരം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നും മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ സ്വാമികള്‍ ജ്യോതി പകര്‍ന്നു നല്‍കും. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ജ്യോതി ഏറ്റുവാങ്ങി ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍മാരായ ഇലന്തൂര്‍ ഹരിദാസ്, കെ.പി. സോമന്, ജി. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നാനൂറോളം സ്ഥലങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് ഹിന്ദുമത പരിഷത്ത് നഗറില്‍ എത്തുന്നത്.
നാളെ പന്മന ആശ്രമത്തില്‍ നിന്നാരംഭിക്കുന്ന ജ്യോതി പ്രയാണ ഘോഷയാത്ര വിവിധ ആശ്രമങ്ങള്‍, ഹൈന്ദവ സംഘടനകള്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയരുടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിലെത്തി വിശ്രമിക്കും.
നാലാം തീയതി കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തില്‍ നിന്നും ആരംഭിക്കുന്ന ജ്യോതിപ്രയാണം നൂറിലേറെ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നെടുമ്പ്രയാര്‍ തേവലശ്ശേരി ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 5 ാം തീയതി രാവിലെ 6.45 ഓടെ ആരംഭിക്കുന്ന ജ്യോതിപ്രയാണം 11 മണിയോടെ ചെറുകോല്‍പ്പുഴ ജങ്ഷനിലെത്തി അയിരൂര്‍ പുതിയകാവില്‍ നിന്നുള്ള പതാക ഘോഷയാത്ര എഴുമറ്റൂര്‍ പരമഭട്ടാരകാശ്രമത്തില് നിന്നുള്ള ഛായാചിത്ര ഘോഷയാത്ര എന്നിവയുമായി സംഗമിച്ച് പമ്പാ തീരത്തെ വിദ്യാധിരാജ നഗറിലെത്തിച്ചേരും.
തുടര്‍ന്ന് അയിരൂര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ഭദ്രദീപവും ഛായാചിത്രവും പ്രതിഷ്ഠിച്ച് പതാക ഉയര്‍ത്തും.
ഉച്ചയ്ക്ക് 2.45 ന് ബാംഗ്ലൂര്‍ കൈലാസാശ്രമം ആചാര്യമഹാമണ്ഡലേശ്വര്‍ ശ്രീ ശ്രീ ശ്രീ ജയേന്ദ്രപുരി മഹാസ്വാമികള്‍ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, പബ്ലിസിറ്റി കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി, കെ.കെ. ഗോപിനാഥന്‍നായര്‍, ഇലന്തൂര്‍ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: