കുടിവെള്ളക്ഷാമം നേരിടാന്‍ ഒന്നിച്ചുനീങ്ങാമെന്ന് മേയര്‍

Thursday 2 February 2017 10:57 am IST

കൊല്ലം: ജനകീയപ്രശ്‌നമായ കുടിവെള്ളക്ഷാമത്തെ നേരിടാനായി എല്ലാ ഡിവിഷന്‍ കൗണ്‍സിലര്‍മാരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങണമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. വരള്‍ച്ച അതിന്റെ രൂക്ഷതയിലേക്ക് കടന്നിരിക്കുകയാണെന്നും അതിനെ നേരിടാന്‍ മികച്ച മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുന്ന സ്ഥലങ്ങളിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും. പഞ്ചായത്തുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ജപ്പാന്‍ കുടിവെള്ളം കോര്‍പ്പറേഷനില്‍ പൈപ്പിലൂടെ ലഭ്യമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ടാങ്കര്‍ലോറികളില്‍ ആവശ്യമായ സ്ഥലത്ത് എത്തിക്കുകയാണ് മാര്‍ഗമെന്നും 2020ല്‍ ഞാങ്കടവ് ശുദ്ധജലപദ്ധതി നടപ്പിലാകുന്നതുവരെ കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും രീതികളും ഇനിയും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്ക് കാരണമാകുന്ന ഏജന്റുമാര്‍ ഓഫീസുകളിലും പരിസരങ്ങളിലും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഇവരുമായി ബന്ധം പുലര്‍ത്തുന്നവരെ സംരക്ഷിക്കില്ല. ജോലിസമയത്ത് കൃത്യമായി ജോലി ചെയ്യുന്നത് ഉറപ്പാക്കും. ഫ്രണ്ട് ഓഫീസ് സംവിധാനം ഫലപ്രദമാക്കുമെന്നും ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുമെന്നും മേയര്‍ അറിയിച്ചു. പല മേഖലയിലും അഴിമതിയുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ എല്ലാ ഉദ്യോഗസ്ഥരെയും ആക്ഷേപിക്കരുതെന്നും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. പൊതുചര്‍ച്ചയില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങള്‍ കുടിവെള്ളക്ഷാമം രൂക്ഷമായതും അതിന്റെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഉന്നയിച്ചു. ഓടകളുടെ ദുരുപയോഗം വ്യാപകമാണെന്ന് മോഹന്‍ പറഞ്ഞു. പുരയിടങ്ങളിലെ മഴവെള്ളം കായലില്‍ സംഭരിക്കാനായി പഴയ തലമുറ രൂപംനല്‍കിയ ഓടയെ ഇന്ന് മനുഷ്യവിസര്‍ജ്യം ഒഴുക്കിവിടാനുള്ള ഉപാധിയാക്കിയെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ശുചീകരണപ്രവര്‍ത്തനം നടത്തുന്ന കോര്‍പ്പറേഷനിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തത് അനീതിയാണെന്ന് ഉദയാസുകുമാരന്‍ പറഞ്ഞു. എത്ര വൃത്തിയാക്കിയാലും ശുചിത്വനഗരം യഥാര്‍ത്ഥ്യമാകണമങ്കില്‍ ഈ ശ്ലാഘനീയജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത നല്‍കണമെന്നും അവര്‍ ആവശ്യപ്പട്ടു. നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സമയക്ലിപ്തത പാലിക്കാത്തത് മൂലം വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ ബുദ്ധിമുട്ടുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ച വീടിന് നമ്പരിടാന്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കേണ്ട ഗതികേടാണ് തന്റെ സഹോദരന് വന്നതെന്ന് കൗണ്‍സിലര്‍ രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ചേര്‍ന്ന മോഹനും ഗോപകുമാറും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ടുനിരത്തി. ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി മീനാകുമാരി പരാതിപ്പെട്ടു. ആര്‍എസ്പി അംഗമായ താന്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയമായും വ്യക്തിപരമായും പരിഹസിച്ചുകൊണ്ട് കമന്റടിക്കുന്ന പതിവ് ഭരണപക്ഷത്ത് നിന്നും സ്ഥിരമാണെന്നും ഇതിനെതിരെ മേയര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഓടകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലം ദുര്‍ഗന്ധം പരത്തുന്നതായി ബിജെപി അംഗം തൂവനാട്ട് സുരേഷ് പറഞ്ഞു. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാത്തത് അസഹ്യമാണെന്നും സോഡിയം വേപ്പര്‍ലാമ്പിന് പകരം ട്യൂബ്‌ലൈറ്റുകളെങ്കിലും ഇട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ലഹരിവിമുക്തക്ലാസുകള്‍ വഴിപാടാണെന്നും എന്തെങ്കിലും പരാതികള്‍ അറിയിക്കാന്‍ വിളിച്ചാല്‍ നിസഹരണമാണെന്നും സഹൃദയന്‍ ചൂണ്ടിക്കാട്ടി. അറവുശാലയിലെ രൂക്ഷഗന്ധം പരിഹരിക്കാന്‍ ആശ്രാമത്ത് നിന്നുള്ള മണ്ണ് കൊണ്ടിടുമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജയന്‍ പറഞ്ഞു. ചര്‍ച്ചയില്‍ എ.കെ.ഹഫീസ്, ബാബു, സത്താര്‍, പ്രിയദര്‍ശന്‍, ശാന്തിനി ശുഭദേവന്‍, ഗീതാകുമാരി, സൈജു, പ്രസന്നന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.