ബീഹാറില്‍ നൂറുകണക്കിന് കുട്ടികളുടെ മരിക്കാനിടയായത് ലിച്ചിപ്പഴം. അമേരിക്കയിലേയും ഇന്ത്യയിലേയും ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കുട്ടികളുടെ നിശബ്ദ കൊലയാളി ലിച്ചിപ്പഴമാണെന്നു കണ്ടെത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ മാസികയായ ‘ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തി’ല്‍ കഴിഞ്ഞ ദിവസമാണു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ലിച്ചിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസിന്‍ എന്ന ടോക്സിന് ശരീരത്തിന്റെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനുള്ള ശേഷിയെ ഇല്ലാതാക്കും. ആഹാരം നന്നായി കഴിക്കാത്തതു മൂലം ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് മുമ്പു തന്നെ കുറവുള്ള കുട്ടികള്‍ ലിച്ചിപ്പഴം കൂടി കഴിക്കുന്നതോടെ രോഗാവസ്ഥയില്‍ എത്തുകയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത് ബിഹാറിലെ മുസാഫര്‍പുരിലാണ്. ഇവിടെ വര്‍ഷം തോറും നൂറുകണക്കിന് കുട്ടികള്‍ മരണപ്പെടുന്നു. ഇതിനു പിന്നാലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ലിച്ചിപഴം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയത്.
2013-ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 390 കൂട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 122 കുട്ടികള്‍ മരണപ്പെട്ടിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയേറെ കുറയുന്നതാണ് മരണത്തിലേക്ക് വഴിവെച്ചത്.
70 ശതമാനത്തിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖക്കു താഴെയുള്ള ബീഹാറില്‍ പല കുടുംബങ്ങളിലും അത്താഴം വിളമ്പാറില്ല.ലിച്ചിപ്പഴം പാകമാകുന്ന കാലത്ത് കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും. പകല്‍ മുഴുവന്‍ ലിച്ചി തോട്ടങ്ങളില്‍ അലഞ്ഞു നടന്ന് പഴം കഴിക്കുന്ന കൂട്ടികള്‍ രാത്രി അത്താഴവും കഴിക്കാറില്ല. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണത്തിന് കീഴടങ്ങുന്നുവെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.
കരീബിയയിലും കുട്ടികള്‍ക്കു സമാനമായ രോഗം ബാധിച്ചതുമായി ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. അവിടെ അക്കീ എന്ന പഴം കഴിച്ച കുട്ടികള്‍ക്കാണ് അസുഖമുണ്ടായത്. അക്കിപ്പഴത്തില്‍ ഹൈപ്പോഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കുട്ടികള്‍ക്ക് അത്താഴം ഉറപ്പായി നല്‍കാനും ലിച്ചിപ്പഴം കഴിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു.ഇതോടെ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
സോപ്പ്ബെറി വിഭാഗത്തില്‍പെടുന്ന പഴമാണ് ലിച്ചി. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. റംബൂട്ടാന്, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളും ഈ വിഭാഗത്തില്‍പെട്ടതാണ്. ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: