കൊച്ചി മെട്രോ ശരിക്കും എന്നാവും

Saturday 8 April 2017 10:01 pm IST

മെട്രോ കൊച്ചി എന്നു പറയുമ്പോഴും യഥാര്‍ഥ മെട്രോ ആയോ കൊച്ചി എന്ന ചോദ്യം ബാക്കി. അതുപോലെ വിശാല കൊച്ചി എന്നു പറയുമ്പോഴുമുണ്ട് ഇതുപോലെ തമാശ. വിശാലമായിട്ടും പുരോഗതി വിശാലമല്ലല്ലോ എന്ന്. വെള്ളവും വെളിച്ചവും വഴിയും ഇല്ലെങ്കില്‍ മെട്രോയ്ക്കനുബന്ധമായ വികസനവും പുരോഗതിയും ഉണ്ടാവില്ല. വളര്‍ച്ചയും പുരോഗതിയും എന്നത് വഴിയും വെളിച്ചവും വെള്ളവുമാണെന്ന് സഹോദരന്‍ അയ്യപ്പന്‍ പണ്ടു പറഞ്ഞിട്ടുണ്ട്. തിക്കും തിരക്കും ഒഴിവാക്കി വേഗം കൂട്ടാനാണ് മെട്രോ ട്രയിന്‍ ഓടിക്കാന്‍ പോകുന്നത്. ഈ ഓട്ടംകൊണ്ട് പരിഹരിക്കാവുന്നതല്ല ഓട്ടത്തിനു കാരണമായവ. ട്രയിന്‍ ഓടിയാലും കാര്യവും പരിഹാരവും ബാക്കിയാവും. ഇന്നും കൊച്ചിക്ക് അനിവാര്യമായ കുടിവെള്ളവും റോഡും വെളിച്ചവും വേണ്ടുവോളമില്ല. എന്നും കൊച്ചിയുടെ ഏതെങ്കിലും ഒരുഭാഗം കുടിവെള്ളമില്ലാതെ പ്രശ്‌നത്തിലായിരിക്കും. ഒന്നുകില്‍ പൈപ്പു പൊട്ടല്‍. അല്ലെങ്കില്‍ പൈപ്പു മാറ്റല്‍ അതുമല്ലെങ്കില്‍ പമ്പിംങ് സ്റ്റേഷനില്‍ തകരാറ്. എന്തായാലും കുടിവെള്ളം മുട്ടുന്ന ഒരു തകരാറ് എന്നും ഉണ്ടാകും എന്നതില്‍ സംശയം വേണ്ട. അതുപോലെ തന്നെയാണ് റോഡും വഴിയും. ആളും വാഹനവും നിത്യേനെ കൂടിക്കൊണ്ടിരിക്കുന്നതിന് അനുസൃതമായിത്തെന്ന യാത്രാ സൗകര്യം പ്രായോഗികമല്ല. എന്നാല്‍ പൊതുവെ ഒരു യാത്രാ സൗകര്യം കൂടിയേ പറ്റൂ. മിക്കവാറും ദേശീയ പാതകള്‍ കടന്നുപോകുന്നതില്‍ നിന്നും അകത്തേക്കു പോകുന്ന റോഡുകള്‍ എല്ലായിടത്തും അധോഗതിയിലാണ്. പലതിനും വണ്‍വേയ്ക്കുള്ള സൗകര്യമേയുള്ളു. അവിടെയാണ് നിരങ്ങി ഉറുമ്പിനെപ്പോലെ നുരച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത്. ദേശീയ പാതയോളം തന്നെ തിക്കും തിരക്കുമുള്ള റോഡാണിതെന്നോര്‍ക്കണം. ഇതിനിടയിലാണ് കാല്‍നടക്കാരുടെ പ്രശ്‌നം. അവര്‍ക്കു നടക്കാന്‍ വഴിയില്ല. ചില റോഡുകള്‍ക്കരികില്‍ വഴിയില്ല. ഉണ്ടെങ്കില്‍ തന്നെ കാനയായിരിക്കും. ചിലപ്പോള്‍ അതിനു മീതെ പൊട്ടിപ്പൊളിഞ്ഞ സ്‌ളാബുണ്ടാകാം. ഇനി നല്ല നടപ്പാത ഉണ്ടെന്നിരിക്കട്ടെ അതു കച്ചവടക്കാര്‍ കൈയേറിയിരിക്കും. മറ്റൊന്ന് വാഹന അസൗകര്യമാണ്. രാത്രി എട്ടര കഴിഞ്ഞാല്‍ കൊച്ചിയില്‍ നിന്നും പല ഭാഗത്തേക്കും സ്വകാര്യ ബസില്ല. ഇന്നേരം മുതല്‍ നഗരത്തില്‍ വന്നുപെടുന്നവര്‍ കുഴഞ്ഞതു തന്നെ. എന്തെങ്കിലും ആശ്രയം ഓട്ടോയോ സര്‍ക്കാര്‍ ബസോ ആണ്. ചില ഭാഗങ്ങളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിലേക്കും റെയില്‍വേ സ്റ്റാന്റിലേക്കും പോകണമെങ്കില്‍ ഓട്ടോയ്ക്കു എഴുപതും എണ്‍പതും നൂറുംവരെ കൊടുക്കണം. അതില്‍ കയറിപ്പോകുന്ന സുരക്ഷാ പ്രശ്‌നം വേറെ. അസമയത്ത് അപരിചിത പ്രദേശത്ത് ഇത്തരം യാത്ര ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയാണ്. അപ്പോള്‍ ചോദിക്കും എല്ലാം തീര്‍ത്തിട്ട് എന്തെങ്കിലും തുടങ്ങാനാവുമോയെന്ന്. എല്ലാമല്ല,പക്ഷേ അനിവാര്യമായത്...ഇനി പറയൂ, കൊച്ചി ശരിക്കും മെട്രോ ആയിട്ടുണ്ടോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.