ചെമ്പ്ര എസ്‌റ്റേറ്റ് : സമരം പടരുന്നു

Thursday 2 February 2017 7:05 pm IST

കല്‍പ്പറ്റ : ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ടിനെതിരെ സമരം ആളിപ്പടരുന്നു. 320 തൊഴിലാളികളെ പട്ടിണിയിലാക്കി ഒക്‌ടോബര്‍ 27ന് വയനാട്ടിലെ ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് ചെയ്തു. നിയമവിരുദ്ധമായ ലോക്കൗട്ടിനെതിരെ വയനാട് എസ്റ്റേറ്റ് മസ്ദൂര്‍സംഘം (ബിഎംഎസ്) ഉള്‍പ്പെടെയുള്ള സംയുക്ത ട്രേഡ്‌യൂണിയന്‍ പ്രക്ഷോഭത്തിലാണ്. തൊഴിലാളികളുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ സമരം കണ്ടില്ലെന്നു നടിക്കുന്നു. കഴിഞ്ഞദിവസം വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളികളുടെ സമരം കാണാനോ അവരെ സമാശ്വസിപ്പിക്കാനോ മുതിര്‍ന്നില്ല. സമരത്തെ കണ്ടില്ലെന്നുനടിച്ചതില്‍ പൊതുജനങ്ങളും അമര്‍ഷത്തിലാണ്. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന പീരുമേടിലെയും ബോണക്കാടിലെയും തോട്ടങ്ങളുടെ ഗതി ചെമ്പ്രക്കും വരുമെന്നാണ് തൊഴിലാളികളുടെ ആശങ്ക. ഇക്കാരണത്താല്‍തന്നെ സമരം ശക്തിപെടുത്താനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 31ന് തോട്ടംകയ്യേറി കുടില്‍ കെട്ടി സമരം ആരംഭിച്ചു. തൊഴിലാളികള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്മ ചെയ്യാനാണ് ഉടമകളുടെ ശ്രമമെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. നിയമവിരുദ്ധമായും അന്യായമായും ലോക്കൗട്ട് ചെയ്ത് മുന്നൂറ്റി ഇരുപതോളം തൊഴിലാളികളെയും അവരുടെ കുടുബാംഗങ്ങള്‍ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറോളംവരുന്ന പാവപ്പെട്ടവരെ വഴിയാധരമാക്കിയ നിയമവിരുദ്ധ ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറക്കുക, തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, ലോക്കൗട്ട് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് മുന്‍കാലപ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ ന ല്‍കുക, കുടിശ്ശികയായ ബോണസും ശമ്പളവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബിഎംഎസ് ഉന്നയിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ.അച്ചുതന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്‍, നേതാക്കളായ ജി. സന്തോഷ്, കെ.എന്‍.മുരളീധരന്‍, ഹരിദാസന്‍ തയ്യില്‍, അഡ്വ. എസ്.വവിത, ടി.നാരായണന്‍, പി.എസ്.ശശിധരന്‍, അശോകന്‍ പാലക്കണ്ടി, പി.നാരായണന്‍, പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.