പീച്ചി കനാല്‍ ഇടിഞ്ഞു : ഒഴിവായത് വന്‍ ദുരന്തം

Thursday 2 February 2017 9:13 pm IST

പീച്ചി: പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഇടതുകര കനാല്‍ വെട്ടുകാട് ചെമ്പംകണ്ടത്ത് ഭാഗത്ത് ഇടിഞ്ഞു. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മണ്ണിടിഞ്ഞ ഭാഗത്തെ ചീപ്പില്‍ ചപ്പുചവറുകള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് വെള്ളം കെട്ടിനിന്ന് കനാല്‍ ഇടിഞ്ഞത്. പുലര്‍ച്ചെ വീടുകളുടെ ഭാഗത്തുകൂടെ വെള്ളം ഒഴുകുന്നതു കണ്ട് നാട്ടുകാര്‍ ഉണര്‍ന്നതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. കനാല്‍ ഇടിഞ്ഞതിന്റെ 200 മീറ്റര്‍ മാറിയാണ് ചീപ്പുള്ളത്. വെള്ളം വരുന്നതിനനുസരിച്ച് തടസ്സങ്ങള്‍ നീക്കി സുഗമമായി ഒഴുകുന്നുണ്ടോയെന്ന് നോക്കേണ്ട ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അതൊന്നും നോക്കാതെ സ്ഥലം വിട്ടതാണ് കനാല്‍ ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവമുണ്ടായിട്ടും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വേണ്ട കാര്യങ്ങള്‍ ചെയ്യാതെ മടങ്ങിയതായും ആരോപണമുണ്ട്. ഉച്ചയ്ക്ക് വെള്ളം വിട്ടതിനാല്‍ രാത്രിയോടെയാണ് വെള്ളം ചെമ്പംകണ്ടം ഭാഗത്തെത്തിയത്. ഫോറസ്റ്റിന്റെ അടിഭാഗത്തുകൂടെയാണ് കനാല്‍ പോകുന്നത്. ഇതിന് താഴെയാണ് റോഡ്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് വെള്ളം ഒഴുകി. തൊട്ടടുത്ത് വീടുകളുണ്ടായിരുന്നെങ്കിലും അവിടേക്ക് വെള്ളവും മണ്ണും എത്താതിരുന്നതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കേട്ടാണ് പുലര്‍ച്ചെ ആളുകള്‍ ഉണര്‍ന്നത്. ബന്ധപ്പെട്ടവരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കനാലിലൂടെ വെള്ളം വിടുന്നതിന്റെ അളവ് കുറക്കുകയായിരുന്നു. നാട്ടുകാരുടെ പരിശ്രമത്തിന്റെ ഭാഗമായി റോഡിലുള്ള മണ്ണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂടാതെ ഇടിഞ്ഞ ഭാഗത്ത് മണ്ണ് കൊണ്ടിടുകയും ചെയ്തു. റോഡില്‍ നിന്നും ഏതാണ്ട് 300 മീറ്ററോളം ഉയരത്തിലാണ് കനാല്‍ പോകുന്നത്. മുഴുവന്‍ ഇടിഞ്ഞിരുന്നെങ്കില്‍ വെള്ളം ശക്തിയായി താഴേക്ക് ഒഴുകുമായിരുന്നു. ചപ്പ്ചവറുകള്‍ നീക്കി ചീപ്പിലൂടെ വെള്ളം കടത്തിവിട്ടതിനാല്‍ പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.