കോണ്‍ക്രീറ്റ് ബണ്ടുകള്‍ സ്വാമിനാഥന്‍ നിര്‍ദേശിച്ചിട്ടില്ല: പത്മകുമാര്‍

Thursday 2 February 2017 9:45 pm IST

മങ്കൊമ്പ്: കുട്ടനാട്ടിലെ കായല്‍നിലങ്ങളുടെ പുറംബണ്ട് സംരക്ഷണത്തിനു പൈല്‍ ആന്‍ഡ് സ്ലാബ് സംവിധാനം ഡോ. എം.എസ്. സ്വാമിനാഥന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു അന്താരാഷ്ര്ട കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍. ഫ്രണ്ട്‌സ് ഓഫ് കുട്ടനാട്, രാമങ്കരി കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പാടശേഖരസമിതി ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കിണങ്ങിയ രീതിയില്‍ കൃഷി ചെയ്തിരുന്ന പൂര്‍വികരില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് കുട്ടനാടിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക കാരണം. മുന്‍കാലങ്ങളില്‍ മണ്ണിന്റെ സമ്പുഷ്ടിയും, ജൈവവൈവിധ്യവും, മത്സ്യസമ്പത്തും കുട്ടനാട്ടില്‍ ധാരാളമുണ്ടായിരുന്നു. തണ്ണീര്‍മുക്കം ബണ്ട് കുട്ടനാടിന്റെ കഴുത്തിലിട്ട കുരുക്കാണ്. ആ കുരുക്ക് കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് പ്രസിഡന്റ് തോമസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നിവേദനമായി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കൃഷി ഓഫീസര്‍ എ.എച്ച. നിസാം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സ് മാത്യു കായിത്തറ, ടോം മാത്യു കായിത്തറ, ചെറിയാന്‍ നെല്ലുവേലി, ജോസഫ്കുട്ടി പുറവടി, ജേക്കബ് ചേന്നാട്ട്, മൈത്രി ഗോപാലകൃഷ്ണന്‍, ഷാജി പടുപുരയ്ക്കല്‍ എന്നിവര്‍ പ്രംസഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.