പാലാ ജനറല്‍ ആശുപത്രിയില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകി തകരാര്‍ താത്കാലികമായി പരിഹരിച്ച് തലയൂരി

Thursday 2 February 2017 9:54 pm IST

പാലാ: ജനറല്‍ ആശുപത്രിമുറ്റത്ത് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന്റെ തകരാര്‍ ശാശ്വതമായി പരിഹരിക്കാതെ താത്കാലിക സംവിധാനമൊരുക്കി അധികൃതര്‍. പാലാ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി ഒരാഴ്ചയോളമായി പരിസരമാകെ മാലിന്യം കെട്ടിക്കിടന്നത്. മാലിന്യത്തില്‍ ചവിട്ടാതെ ആശുപത്രിയിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും മാലിന്യത്തില്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് കയറിയിരുന്നത്. അത്യാഹിത വിഭാഗത്തിലും മുകള്‍ നിലകളിലെ പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡുള്‍പ്പെടെയുള്ള മറ്റ് വാര്‍ഡുകളിലേക്കും ലാബോറട്ടറിയിലേക്കും വരെ കക്കൂസ് മാലിന്യം എത്തിച്ചേരാന്‍ ഇടയായിരുന്നു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയതോടെ ടാങ്ക് തുറന്ന് മുകളിലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും സ്ലാമ്പ് ഇട്ട് മൂടി മുകളില്‍ മണ്ണ് വിരിയ്ക്കുകയും ചെയ്തു. ഇതോടെ മാലിന്യം ഒഴുകുന്നതിന് താത്കാലിക പരിഹാരമായെങ്കിലും വീണ്ടും പൊട്ടിയൊഴുകാവുന്ന അവസ്ഥയാണ്. നിലവില്‍ ഒരു മഴ പെയ്താല്‍ പോലും ടാങ്ക് നിറഞ്ഞൊഴുകി പരിസരമാകെ വൃത്തിഹീനമാകും. നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിക്ക് മുന്നിലുള്ള പകര്‍ച്ചവ്യാധിഭീഷണി കണ്ടിട്ടും ആശുപത്രി അധികൃതര്‍ നിസംഗത കാട്ടിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയുടെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി സമീപത്തെ കിണറുകളിലും ഓടകളിലും റോഡിലും നിറഞ്ഞ് ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു. ആശുപത്രി മുറ്റത്തുകൂടി ഒഴുകുന്ന മലിനജലം പ്രവേശനകവാടത്തില്‍ സ്ഥിതിചെയ്യുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറിനു മുന്നിലൂടെ റോഡിലെ ഓടയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് വ്യാപകമായ പകര്‍ച്ചവ്യാധിഭീഷണി സൃഷ്ടിക്കും. ഗുരുതരമായ ആരോഗ്യ ഭീഷണിയും പകര്‍ച്ച വ്യാധിഭീഷണിയും സൃഷ്ടിക്കുന്ന ആശുപത്രി മുറ്റത്തെ മാലിന്യത്തില്‍ കുമ്മായം വിതറി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴുഞ്ഞുമാറുന്ന അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.