ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റ് 20 മുതല്‍ വഡോദരയില്‍

Friday 3 February 2017 2:07 am IST

കൊച്ചി: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ തീയതിയായി. അതേസമയം ഏറെ ആശങ്കയോടെയാണ് കേരള താരങ്ങള്‍ ഇത്തവണ മീറ്റിനൊരുങ്ങേണ്ടത്. മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ സ്‌കൂളുകളില്‍ പരീക്ഷാകാലമാണ്. അതിന് തൊട്ടുമുന്‍പായി ദേശീയ കായികമേള വരുന്നതോടെ പഠനവും പരീക്ഷയും പരിശീലനവും താരങ്ങളെ കഷ്ടത്തിലാക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ 13 മുതല്‍ 22 വരെ തിയതികളിലാണ് നടക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ 23 നും നടക്കും. പരീക്ഷ നടക്കുന്ന തീയതില്‍ തന്നെയാണ് ദേശീയ മീറ്റും. അതിനാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് പരീക്ഷ ഉപേക്ഷിക്കേണ്ടി വരും. ഇതിന് പുറമേ പരീക്ഷ ദിനങ്ങളില്‍ പരിശീലനം ഉപേക്ഷിക്കേണ്ടി വരുമെന്നതും കായിക താരങ്ങള്‍ക്ക് തിരിച്ചടിയാണ്. ഈ മാസം 20 മുതല്‍ 23 വരെ ഗുജറാത്തിലെ വഡോദരയില്‍ നടത്താന്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തീരുമാനിച്ചതോടെയാണ് കായികതാരങ്ങള്‍ പ്രതിസന്ധിയിലായത്. ജനുവരിയില്‍ തെലങ്കാനയിലെ രങ്കറെഡ്ഢിയിലായിരുന്നു ആദ്യം മീറ്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് അനന്തമായി നീണ്ടുപോകുകയായിരുന്നു. പിന്നീട് ഏപ്രിലിലേക്ക് മീറ്റ് മാറ്റിവെയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം തെലങ്കാന പിന്‍മാറി. ഇതോടെയാണ് ഗുജറാത്ത് മീറ്റ് നടത്താന്‍ മുന്നോട്ടു വന്നത്. നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരളം 53 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 27 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് ടീമിലുള്ളത്. 19 ന് ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സിബിഎസ്ഇ, ഐപിഎസ്ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.