ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകപ്പന്‍ വിജയം നേടിയപ്പോള്‍ യുണൈറ്റഡ് സമനിലയില്‍ കുടുങ്ങി.
എവേ മത്സരത്തില്‍ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ സിറ്റി 17-ാം മിനിറ്റിലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മൈതാനമധ്യത്തില്‍ നിന്ന് പന്തുമായി മുന്നേറിയ കെവിന് ഡി ബ്രുയിന് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഗബ്രിയേല്‍ ജീസസിന് നല്കി. പന്ത് കിട്ടിയ ഗബ്രിയേല്‍ ഷോട്ടിന് മുതിരാതെ ഒപ്പം കയറിവന്ന ബ്രുയിനിന് തന്നെ മറിച്ചുകൊടുത്തു.
പാസ് ലഭിച്ച ബ്രുയിന് പായിച്ച നല്ലൊരു വലംകാലന്‍ ഷോട്ട് വലയില്‍ തറച്ചുകയറിയപ്പോള്‍ വെസ്റ്റ് ഹാം ഗോളിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. നാല് മിനിറ്റിന് ശേഷം സിറ്റി വീണ്ടും ഗോളടിച്ചു. ഇത്തവണ ഡേവിഡ് സില്‍വയാണ് ലക്ഷ്യം കണ്ടത്. പിന്നീട് 39-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടൊ ഗബ്രിയേല്‍ ജീസസ് സിറ്റിയുടെ മൂന്നാം ഗോള്‍ കണ്ടെത്തി.
റഹിം സ്റ്റര്‍ലിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ജീസസിന്റെ ഗോള്‍. പാല്മെറിയാസില് നിന്ന് കൂടുമാറിയെത്തിയ ജീസസിന്റെ സിറ്റിക്കായുള്ള ആദ്യ ഗോളായിരുന്നു അത്. ഇതോടെ ആദ്യപകുതിയില്‍ സിറ്റി 3-0ന് മുന്നില്‍. പിന്നീട് 67-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് യായ ടുറെ സിറ്റിയുടെ ഗോള്‍പട്ടിക തികച്ചു. റഹിം സ്റ്റര്‍ലിങ്ങിനെ ബോക്സിനുള്ളില്‍ വച്ച് ജോസെ ഫോണ്ടെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. വിജയിച്ചെങ്കിലും 23 കളികളില്‍ നിന്ന് 46 പോയിന്റുമായി സിറ്റി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി. പോഗ്ബയും ഇബ്രാഹിമോവിച്ചും പകരക്കാരായി റൂണിയും മാറ്റയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്നിട്ടും യുണൈറ്റഡിനെ എവേ മത്സരത്തില്‍ ഹള്‍ സിറ്റിയാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നിട്ടും ഹള്‍ സിറ്റി ഗോള്‍ കീപ്പറെ മറികടക്കാന്‍ യുണൈറ്റഡിന്റെ ലോകോത്തര സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല. 23 കളികളില്‍ നിന്ന് 42 പോയിന്റുമായി യുണൈറ്റഡ് ആറാമത്.
സ്റ്റോക്ക് സിറ്റിയും എവര്‍ട്ടണും തമ്മില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. 7-ാം മിനിറ്റില്‍ ക്രൗച്ചിന്റെ ഗോളിലൂടെ മുന്നിലെത്തിയ സ്റ്റോക്ക് സിറ്റിയെ എവര്ട്ടണ് സമനിലയില്‍ പിടിച്ചത് സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തില്‍. 39-ാം മിനിറ്റില്‍ ഷോക്രോസ്സാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: