വഴിതടയല്‍ സമരം നടത്തും

Friday 3 February 2017 2:32 pm IST

കല്‍പ്പറ്റ: കല്‍പ്പറ്റ - പടിഞ്ഞാറത്തറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും വഴിതടയല്‍ സമരം നടത്തുമെന്ന് കല്‍പ്പറ്റ - വാരാമ്പറ്റ റോഡ് ആക്ഷന്‍ കമ്മിറ്റി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് രാവിലെ 10.30 മുതല്‍ കാവുമന്ദത്ത് വഴിതടയല്‍ ആരംഭിക്കും. സംസ്ഥാന പാതയായിട്ടും ഈ പാതയില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. കഴിഞ്ഞ ഗവണ്‍മെന്റ് 16 കോടി ഈ പാതക്ക് അനുവദിച്ചിരുന്നു. ഈ ഗവണ്‍മെന്റ് അത് 20 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയായിട്ടും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്ന ഈ റോഡില്‍ ഭൂരിഭാഗവും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവയിലേക്ക് രാജ്യത്തിനകത്തും പുറത്തും നിന്നും എത്തുന്ന സഞ്ചാരികള്‍ ഈ ദുതിതപാതയിലൂടെയാണ് എത്തുന്നത്. വകുപ്പ് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിരവധിതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരും ഫലവും ഉണ്ടായില്ല. 20 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സാങ്കേതികാനുമതി ഇതുവരെ ആയില്ല. പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുപോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വ്യാപാരികള്‍, ഡ്രൈവേഴ്‌സ് യൂണിയനുകള്‍, ചുമട്ടുതൊഴിലാളികള്‍, യുവജനസംഘടനകള്‍ എന്നിവരടങ്ങുന്ന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വഴിതടയല്‍ സമരം നടത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കില്‍ പിഡബ്ല്യുഡി ഓഫീസ്, ദേശീയപാത എന്നിവ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജിന്‍ ടി. ജോയ്, കണ്‍വീനര്‍ കെ.കെ. വിന്‍സെന്റ്, ട്രഷറര്‍ പി.കെ. അഷ്‌റഫ്, ഷിബു പോള്‍, പി.കെ. മുജീബ്, നാസര്‍ ഗ്രാന്റ്, വിന്‍സണ്‍ തൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.