മിന്നല്‍ പണിമുടക്ക് സമരം ജനങ്ങളെ വലച്ചു

Friday 3 February 2017 7:25 pm IST

തളിപ്പറമ്പ്: സ്വകാര്യ ബസ് ക്ലീനറെ ആക്രമിച്ച് സാരമായി പരുക്കേല്‍പ്പിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് സമരം ജനങ്ങളെ വലച്ചു. തളിപ്പറമ്പ് വഴിയുള്ള കണ്ണൂര്‍, പയ്യന്നൂര്‍, ആലക്കോട്, ശ്രീകണ്ഠാപുരം, പഴയങ്ങാടി റൂട്ടുകളിലേക്കുള്ള ബസോട്ടമാണ് ഇന്നലെ ഉച്ചവരെ നിലച്ചത്. കഴിഞ്ഞ ദിവസം എ-വണ്‍ ബസ് ജീവനക്കാരനായ രഞ്ചുവിനെ (26)പിലാത്തറയില്‍ വെച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പ്രതികളായ ആറ് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് സമരം തുടങ്ങിയത്. മലയോരമേഖലയിലെയും ഉള്‍പ്രദേശങ്ങളിലെയും ബസുകള്‍ തടഞ്ഞതില്‍ തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ പട്ടുവം മുറിയാത്തോടിലെ എ.രാജേഷിനെ (26)പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് മലയോരമേഖലയിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള ബസോട്ടം പൂര്‍ണ്ണമായും നിലച്ചു. ടൂറിസ്റ്റു ബസുകളില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് തളിപ്പറമ്പ് എഎസ്‌ഐ സി.പുരുഷോത്തമനെ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബസ് ജീവനക്കാരന്‍ സജീവനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്റെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉച്ചയോടെയാണ് മലയോരമേഖലകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. അക്രമസംഭവമുള്‍പ്പെടെ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടയക്കുകയും ചെയ്തു. ട്രേഡ് യൂണിയന്റെ പിന്തുണയില്ലാതെയാണ് തൊഴിലാളികള്‍ സമരം നടത്തിയതെന്നും ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ മിന്നല്‍ സമരം നടത്തുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ബസുടമസ്ഥസംഘം ഭാരവാഹികള്‍ പറഞ്ഞു. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും പണിമുടക്ക് ആരംഭിച്ചതിനോടൊപ്പം സ്വകാര്യബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കം തളിപ്പറമ്പിലെയും മലയോരപ്രദേശങ്ങളിലെയും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തി. അതേസമയം ആക്രമണത്തിനിരയായ രഞ്ചുവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.