കെ എസ് ആര്‍ ടി സി പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Friday 3 February 2017 8:45 pm IST

മാനന്തവാടിയില്‍ ഒറ്റ സര്‍വ്വീസും നടത്താനായില്ല കല്‍പ്പറ്റ: ജീവനക്കാരുടെ പണിമുടക്ക് ഭാഗമായി മാനന്തവാടി ഡിപ്പോയില്‍ സി ഐ ടി യു ജീവനക്കാരും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ സര്‍വ്വീസുകള്‍ മുടങ്ങി. പണിമുടക്കിനെ തുടര്‍ന്ന് 84 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. 168 ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തത്. കണ്ടക്ടര്‍മാരില്‍ 44 സ്ഥിരം തൊഴിലാളികളും 40 എംപാനല്‍ ജീവനക്കാരും പണിമുടക്കിയപ്പോള്‍ ഡ്രൈവര്‍മാരില്‍ 62 സ്ഥിരം ജീവനക്കാരും 22 എം പാനലുകാരും പണിമുടക്കില്‍ പങ്കെടുത്തു. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിക്കുള്ള 23 പേരും ജോലിക്ക് ഹാജരായില്ല. ക്ലറിക്കല്‍ തസ്തികയില്‍ 18 പേരാണ് ഡിപ്പോയിലുള്ളത്. ഇതില്‍ എട്ട് പേര്‍ ജോലിക്ക് ഹാജരായില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ നിന്നും വ്യത്യസ്തമായി മാനന്തവാടിയിലാണ് സമരം പൂര്‍ണമായതെന്ന് പറയാം അതേസമയം, ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളില്‍ വിരലിലെണ്ണാവുന്ന സര്‍വ്വീസുകള്‍ മാത്രമാണ് നടന്നത്. ബത്തേരി ഡിപ്പോയിലെ മോര്‍ണിംഗ് ഷെഡ്യൂളില്‍ ആകെയുള്ള 69 സര്‍വ്വീസുകള്‍ 20 എണ്ണം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ഈവനിംഗ് ഷെഡ്യൂളിന്റെ കാര്യവും മറിച്ചല്ല, ആകെയുള്ള 90 സര്‍വ്വീസുകളില്‍ കേവലം 25-ഓളം സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. കല്‍പ്പറ്റ ഡിപ്പോയില്‍ ആകെയുള്ള 172 സര്‍വ്വീസുകളില്‍ 49 എണ്ണം മാത്രമാണ് ഓടിയത്. 72 ശതമാനം ജീവനക്കാര്‍ പണിമുടക്കിനൊപ്പം നിന്നപ്പോള്‍ നെടുമ്പാശ്ശേരി സര്‍വ്വീസ് റദ്ദാക്കി യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കേണ്ട അവസ്ഥയും ഈ ഡിപ്പോയിലുണ്ടായി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌ഫോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി ഡി എഫ്) നേതൃത്വം നല്‍കിയ സമരത്തില്‍ സി പി ഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും, ബി എം എസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും അണി ചേര്‍ന്നതോടെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.