കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍

Friday 3 February 2017 9:22 pm IST

കോട്ടയം: ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നലെ നടത്തിയ പണിമുടക്കില്‍ ജനം വലഞ്ഞു. ഉദ്യോഗസ്ഥരും കുട്ടികളും ഗ്രാമീണമേഖലയിലെ യാത്രക്കാരുമാണ് പണിമുടക്കില്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചത്. അര്‍ധരാത്രി മുതല്‍ തുടങ്ങിയ പണിമുടക്കില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സിഐടിയു യൂണിയനുകള്‍ ഒഴികെയുളള എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുത്തു. ഇതോടെ കൂടുതല്‍ ശതമാനവും ബസുകള്‍ നിരത്തിലിറങ്ങിയില്ല. കോട്ടയം ഡിപ്പോയില്‍ നിന്ന് ഇന്നലെ ആകെ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്. ഡിപ്പോയില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗത്തേക്കു സര്‍വീസ് നടത്തേണ്ടിയിരുന്ന ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. കോട്ടയത്തു നിന്നും തെങ്കാശിക്കുള്ള ബസ് സര്‍വീസ് നടത്തിയത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. കെഎസ്ആര്‍ടിസി ഇല്ലാത്തതിനാല്‍ പ്രൈവറ്റ് ബസിലും ട്രെയിനിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈക്കം ഡിപ്പോയില്‍നിന്ന് ഒരു ബസും സര്‍വീസ് നടത്തിയില്ല. 59 സര്‍വീസുള്ള ഇരാറ്റുപേട്ടയില്‍നിന്ന് ഒരെണ്ണം മാത്രമാണ് ഓടിയത്. 29 ബസുകളുള്ള എരുമേലിയിലും 38 എണ്ണമുള്ള പൊന്‍കുന്നത്തും രണ്ടു വീതം ബസുകള്‍ സര്‍വീസ് നടത്തി. 80 സര്‍വീസുള്ള പാലയില്‍നിന്നും 22 ബസുകളും നിരത്തിലിറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.