പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Friday 3 February 2017 9:25 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമാനൂര്‍ പാല റോഡിലേയും, എംസി റോഡരുകില്‍ കാരിത്താസ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെയുളള 21 ഹോട്ടലുകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ ചോറ്, ബീഫ്, മീന്‍ കറി, മുട്ടക്കറി, പുനരുപയോഗിച്ച എണ്ണ, തുടങ്ങിയവ പിടിച്ചെടുത്തു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അംഗീകാരമില്ലാത്ത കളറുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. ചില ഹോട്ടലുകളില്‍ ശുദ്ധമായ കുടിവെളളം പോലും നല്‍കിയിരുന്നില്ല എന്നും കണ്ടെത്തി. ലൈസന്‍സ് ഇല്ലാത്ത ഹോട്ടലുകളേയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന മിക്ക ഹോട്ടലുകളും മലിന ജലം ഓടകളിലേക്കാണ് ഒഴുക്കുന്നതെന്നും കണ്ടെത്തി. നിയമ ലംഘനം നടത്തിയ ഹോട്ടല്‍ ഉടമകളില്‍ നിന്ന് 3000 മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യുന്നതുള്‍പ്പടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജെയിംസ് പ്ലാക്കിത്തൊട്ടിയും,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി പി മോഹന്‍ദാസും അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് കുഴിച്ചു മൂടി. ഇന്നലെ രാവിലെ 6ന് ആരംഭിച്ച പരിശോധന 10ന് അവസാനിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റി.ഡി.ശോഭന,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആരിഷ്,ക്ലര്‍ക്ക് ഷിബു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.