കഥകളിയുടെ പെണ്ണരങ്ങ് ശ്രദ്ധേയമായി

Friday 3 February 2017 9:53 pm IST

തൃശൂര്‍: കഥകളി ക്ലബ്ബിന്റെ പെണ്ണരങ്ങ് സ്ത്രീപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളി രംഗോത്സവത്തിലാണ് പൂര്‍ണമായും സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന കഥകളി അരങ്ങേറിയത്. ഇരയിമ്മന്‍ തമ്പിയുടെ കീചകവധം കളിയാണ് ആസ്വാദകര്‍ക്ക് മുന്നില്‍ പെണ്ണരങ്ങ് അവതരിപ്പിച്ചത്. കീചകനായി രഞ്ജിനി സുരേഷും സൈരന്ധ്രിയായി ഹരിപ്രിയ നമ്പൂതിരിയും വലലനായി ഇന്ദുജയും സുദേഷ്ണയായി ആതിര നന്ദകുമാറും അരങ്ങിലെത്തി. ദീപ പാലനാട്, മീര രാംമോഹന്‍, ആരുണി ജയന്‍, മിഥില ജയന്‍ എന്നിവര്‍ പദങ്ങള്‍ പാടി. രംഗോത്സവത്തിന്റെ ഉദ്ഘാടനം സെഷന്‍സ് ജഡ്ജ് ആനിജോണ്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നാടോടി വാമൊഴി സംസ്‌കാരം കഥകളിയിലേക്ക് സന്നിവേശിപ്പിച്ച നിഴക്കൂത്ത് കഥയുടെ അവതരണം ഇന്ന് വൈകീട്ട് നാലിന് നടക്കും. വടക്കുന്നാഥക്ഷേത്രം ഊട്ടുപുരയിലാണ് കളി നടക്കുക. പന്നിശ്ശേരില്‍ നാണുപ്പിള്ളയുടെ ആട്ടക്കഥയെ അധികരിച്ചാണ് നിഴല്‍ക്കൂത്ത് അരങ്ങിലെത്തുന്നത്. കേരളകലാമണ്ഡലമാണ് അവതരണം. കഥകളിക്ലബ്ബിന്റെ വാര്‍ഷിക ദിനാഘോഷം ഞായറാഴ്ച നടക്കും. കലാമണ്ഡലം ഗോപി ദക്ഷനായി അരങ്ങിലെത്തുന്ന ദക്ഷയാഗം കഥകളി ഞായറാഴ്ച വൈകീട്ട് അരങ്ങേറും. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘമാണ് അവതരിപ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.