അന്ന് മോഹിപ്പിച്ച നിള ഇന്ന് കരയുന്നു

Friday 3 February 2017 10:53 pm IST

മലപ്പുറം: കവിതകളിലൂടെയും കാഴ്ചകളിലൂടെയും മലയാളിയെ എന്നും മോഹിപ്പിച്ചിട്ടുള്ള ഭാരതപ്പുഴ ഇന്ന് മെലിഞ്ഞുണങ്ങി വെറുമൊരു നീര്‍ച്ചാല്‍ മാത്രമായിരിക്കുന്നു. കേരളത്തിന്റെ അക്ഷയപാത്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നിളയുടെ ദുരവസ്ഥക്ക് കാരണം അമിതമായ ചൂഷണമാണ്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് ഗ്രാമഗ്രാമാന്തരങ്ങളുടെ ദാഹമകറ്റി 209 കിലോമീറ്റര്‍ സഞ്ചരിച്ച് അറബിക്കടലില്‍ ലയിച്ചിരുന്ന നിള അന്ന് സമൃദ്ധമായിരുന്നു. തലമുറകള്‍ക്ക് ജീവനേകിയ ഈ പുഴ ഇന്ന് കണ്ണുനീര്‍ പോലെ മെലിഞ്ഞു നേര്‍ത്തൊരു ഒഴുക്ക് മാത്രമായി മാറി. നീരൊഴുക്ക് സംഭരിച്ച് നിര്‍ത്താനുള്ള പദ്ധതികളൊന്നും മാറിമാറി വന്ന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിക്കാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാരതപ്പുഴയില്‍ ജലസംഭരണം നടക്കുന്നില്ല. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് കൊണ്ടും ഗുണമുണ്ടായില്ല. കുറ്റിപ്പുറം പാലം മുതലുള്ള ഭാഗം കടുത്ത വരള്‍ച്ച നേരിടുകയാണ്. ഭാരതപ്പുഴ അറബിക്കടലിലേക്ക് ചേരുന്ന പൊന്നാനി, കുറ്റിപ്പുറം ഭാഗങ്ങളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നിട്ടുണ്ട്. വേലിയേറ്റ സമയങ്ങളില്‍ പോലും രണ്ടടി ഉയരത്തില്‍ ജലനിരപ്പ് ഉയരുന്നില്ല. പുഴയിലെ ഒഴുക്കിലുണ്ടായ കുറവിനൊപ്പം ഭൂഗര്‍ഭ ജലവിതരണത്തിലും രൂക്ഷമായ കുറവാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. ഭൂഗര്‍ഭ ജലവകുപ്പ് ജില്ലയിലെ കിണറുകളിലും കുഴല്‍ക്കിണറുകളിലുമായി നടത്തിയ പരിശോധനയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ ഭൂഗര്‍ഭ ജലവകുപ്പ് 28 കിണറുകളിലെയും 30 കുഴല്‍ക്കിണറുകളിലെയും ജലത്തിന്റെ അളവാണ് എല്ലാവര്‍ഷവും തിട്ടപ്പെടുത്താറുള്ളത്. ഇതിലാണ് വേനല്‍ ആരംഭിക്കാന്‍ രണ്ടുമാസം ശേഷിക്കെ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തിയിരിക്കുന്നത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗത്ത് പുഴയിലെ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വള്ളുവനാടിന്റെ ജീവനാഡിയായിരുന്ന നിളയെ ചിലര്‍ ഭ്രാന്തമായ ആവേശത്തോടെ ആക്രമിച്ചു. മണലും ജലവും യാതൊരു നിയന്ത്രണവുമില്ലാതെ ഊറ്റിയെടുത്തു. മാലിന്യം നിക്ഷേപിക്കാനുള്ള അഴുക്കുചാലായാണ് ചിലര്‍ നിളയെ കണ്ടത്. തനിക്കുള്ളതെല്ലാം എല്ലാവര്‍ക്കും യാതൊരു മടിയുമില്ലാതെ നിള വീതിച്ചു നല്‍കി. ആ ദാനശീലമാണ് നിളയെ ഇന്ന് നിത്യരോഗിയാക്കിയത്. മാമാങ്കത്തിന് സാക്ഷ്യം വഹിച്ച് കലാമണ്ഡലത്തിലെ കലാകാരന്മാരെ അനുഗ്രഹിച്ച് സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന നിളയിന്ന് അകാല ചരമം കാത്തുകിടക്കുകയാണ്. നിളയുടെ ഊര്‍ജ്ജസ്വലത തിരിച്ചെടുക്കാന്‍ ചില സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു. നിളാ വിചാരവേദി അതില്‍ പ്രധാനപ്പെട്ടതാണ്. പേരില്‍ തന്നെ സംഘടനയുടെ ലക്ഷ്യം വ്യക്തമാണ്. നിളയെ കുറിച്ച് വിചാരിക്കുക. പുതുതലമുറയെ നിളയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക, അതിലൂടെ നിളയുടെ സൗന്ദര്യം വീണ്ടെടുക്കുക. ഇത്തരത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ആരെങ്കിലും നേതൃത്വം നല്‍കിയില്ലെങ്കില്‍ നിളയെ മലയാളനാടിന് നഷ്ടമാകുമെന്നതില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.