സിപിഎം നേതൃത്വത്തില്‍ വ്യാപക അക്രമം

Friday 3 February 2017 10:59 pm IST

കൊല്ലം: ജില്ലയിലെമ്പാടും സിപിഎം നേതൃത്വത്തില്‍ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. കടയ്ക്കലില്‍ റിട്ട. എസ്‌ഐ അടക്കം നിരവധി പേരെ ആക്രമിച്ച് സിപിഎം കൊലവിളിയാണ് നടത്തിയത്. വാളും ഇരുമ്പുവടിയും കൊണ്ടുള്ള അടിയേറ്റ് തലയോട്ടിക്ക് പരിക്കേറ്റ ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റും മുന്‍ എസ്‌ഐയുമായ രവീന്ദ്രനാഥിന്റെ നില ഗുരുതരമാണ്. ബിജെപി ചടയമംഗലം നിയോജകമണ്ഡലം വ്യാപാരി സെല്‍ കണ്‍വീനര്‍ ചിതറ അനില്‍, ആര്‍എസ്എസ് കൊച്ചാലുംമൂട് ശാഖാ സ്വയംസേവക് കലേഷ് എന്നിവരെയും ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അടിയന്തരശസ്തക്രിയയ്ക്ക് വിധേയനാക്കപ്പെട്ട രവീന്ദ്രനാഥ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരവിപുരം മേഖലയിലും സിപിഎം തേര്‍വാഴ്ചയുണ്ടായി. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചായിരുന്നു അക്രമം. ബിജെപി ഇരവിപുരം മേഖലാ ജനറല്‍ സെക്രട്ടറി രതീഷ് (കുട്ടപ്പന്‍), ആര്‍എസ്എസ് വാളത്തുംഗല്‍ ശാഖാ സ്വയംസേവകരായ ഹരീഷ്, വിഷ്ണു തുടങ്ങിയവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പീഡിതനിധി സമാഹരണത്തിനിറങ്ങിയ പ്രവര്‍ത്തകരെയാണ് അക്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.