ഡിപ്ലോമ കോഴുസുകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി പിടിയില്‍

Saturday 4 February 2017 11:27 am IST

പെരിന്തല്‍ണ്ണ: റെയില്‍വേ അംഗീകാരത്തോടെ റെയില്‍ സേഫ്റ്റി ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ ആള്‍ ഇന്ത്യാ റെയില്‍ സേഫ്റ്റി കൗണ്‍സിലിന്റെ കീഴില്‍ ആരംഭിക്കുന്നുണ്ടെന്നും അതിന് ഫ്രെഞ്ചൈസി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കുഭകോണം സ്വദേശി പത്മനാഭനെ(54) പിടികൂടിയത്. ചെന്നൈയില്‍ വെച്ചാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം വലയിലാക്കിയത്. വിവിധ പ്രദേശങ്ങളില്‍ 2010 മുതല്‍ ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. 2012ല്‍ തേനിയില്‍ ഇതേ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ ഇന്ത്യാ റെയില്‍ സേഫ്റ്റി കൗണ്‍സില്‍ എന്നത് ഒരു സോഷ്യല്‍ സര്‍വീസ് സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍ എന്നിവ നടത്തുവാനുള്ള അംഗീകാരമില്ല. തട്ടിപ്പിനായി പ്രത്യേകം വെബ്‌സൈറ്റ് തന്നെയുണ്ടാക്കി ചെയര്‍മാനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ പണം വാങ്ങിയത്. പെരിന്തല്‍മണ്ണ സിഐ സാജു.കെ.എബ്രഹാം, എസ്‌ഐ എം.സി.പ്രമോദ്, ടൗണ്‍ ഷാഡോ പോലീസിലെ ദിനേഷ് കിഴക്കേക്കര എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.