ചരിത്രമുറങ്ങുന്ന പാതയ്ക്ക്‌ സ്വകാര്യസ്ഥാപനത്തിണ്റ്റെ പേര്‌; പ്രതിഷേധമിരമ്പുന്നു

Saturday 9 July 2011 11:34 pm IST

കോട്ടയം: എണ്ണൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഉണ്ണിനീലി സന്ദേശത്തില്‍ പ്രതിപാദിക്കുന്ന പാതയ്ക്ക്‌ വാകത്താനം ഞാലിയാകുഴി ജംഗ്ഷനു സമീപം സ്വകാര്യ സ്ഥാപനത്തിണ്റ്റെ വകയായി പുതിയ ബോര്‍ഡും പേരും. തിരുവനന്തപുരത്ത്‌ അകപ്പെട്ടു പോയ കാമുകനില്‍ നിന്ന്‌ ഉണ്ണിനീലിക്കുള്ള സന്ദേശവുമായി വേണാട്ടുകോയിലധികാരി ആദിത്യവര്‍മ്മ യുവരാജാവ്‌ വിരഹദുഃഖത്തില്‍ കഴിയുന്ന ഉണ്ണിനീലിയുടെ അടുത്തേയ്ക്ക്‌ പുലര്‍ച്ചെ യാത്രപുറപ്പെടുകയും പിറ്റേന്ന്‌ ഉണ്ണിനീലിയുടെ ജന്‍മഗൃഹമായ കടുത്തുരുത്തിയിലെ മുണ്ടയ്ക്കല്‍ തറവാട്ടിലെത്തി സന്ദേശം കൈമാറുന്നതുമാണ്‌ മണിപ്രവാള മധുരകാവ്യമായ ഉണ്ണിനീലി സന്ദേശത്തിന്‍റെ ഇതിവൃത്തം. കേരള ചരിത്രത്തിലെ മഹാത്ഭുതങ്ങള്‍ വിളിച്ചറിയിക്കുന്ന ഈ കാവ്യ വിസ്മയത്തില്‍ പ്രതിപാദിക്കുന്ന വഴിത്താര നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ജനപഥങ്ങള്‍ ആയിരുന്ന ഒട്ടനവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയും മഹാക്ഷേത്രങ്ങലുടെ സമീപത്തുകൂടിയുമാണ്‌ കടന്നുപോകുന്നത്‌. കേരള ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഈ പാതയ്ക്കാണ്‌ ചരിത്രമെന്തെന്നറിയാത്ത്‌ സ്ഥാപനത്തിണ്റ്റെ അധികാരികള്‍ പുതിയ പേരു നല്‍കി ബോര്‍ഡ്‌ സ്ഥാപിച്ചത്‌. സാംസ്കാരിക പൈതൃകത്തിന്‍മേലുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന്‌ ഹിന്ദു ഐക്യവേദി വാകത്താനം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മുള്ളനയ്ക്കല്‍ പറഞ്ഞു. മദ്ധ്യകേരളത്തിലെ സാംസ്കാരിക നായകന്‍മാരെ പങ്കെടുപ്പിച്ച്‌ ഉണ്ണിനീലി സന്ദേശ അനുസ്മരണയാത്ര നടത്തിയിട്ട്‌ ആറുമാസമേ ആയുള്ളൂ. സ്വകാര്യ സ്ഥാപനത്തിണ്റ്റെ ചരിത്രനിഷേധത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി മണ്ഡലം സംഘടനാ സെക്രട്ടറി ജയപ്രകാശ്‌, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാജേഷ്‌, ഐക്യവേദി താലൂക്ക്‌ പ്രസിഡണ്റ്റ്‌ എന്‍.പി.നീലാംബരന്‍, മണ്ഡലം സംഘടനാ സെക്രട്ടറി ബിനോയി കടവില്‍, മണികണ്ഠപുരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടരി ടി.സി.ജയ്മോന്‍, പനയ്ക്കല്‍ കാവ്‌ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അനില്‍കുമാര്‍ , അടയാളം സാംസ്കാരിക വേദി പ്രസിഡണ്റ്റ്‌ സുരേഷ്‌ തൂമ്പുങ്കല്‍, സാഹിത്യപത്രാധിപര്‍ ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ പ്രതിഷേധിച്ചു.