പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത

Saturday 4 February 2017 5:41 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കുമെന്ന ഇടതു സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് മാസങ്ങളായിട്ടും നടപടിയുമായി മുന്നോട്ട് പോകാത്തതില്‍ ദുരൂഹത. സ്വയംഭരണസ്ഥാപനമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. തിരുവനന്തപുരം ലോ അക്കാദമി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വിവാദങ്ങളുടെ വേലിയേറ്റമുണ്ടായ സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാകുമ്പോഴും നിരവധി നിയമപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് സാമുവല്‍ ആറോണ്‍ തന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് കൈമാറിയത്. പൊതജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് വേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂ എന്ന് പ്രത്യേക നിര്‍ദ്ദേശവും വെച്ചിരുന്നു. എന്നാല്‍ ഇതിന് പൂര്‍ണ്ണമായും ഘടകവിരുദ്ധമായാണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കോളേജിന് സ്വന്തമായി സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടി പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്ത് ഇപ്പോള്‍ നികുതി സ്വീകരിക്കുന്നില്ല. നിലവില്‍ സ്വന്തമായി സ്ഥലമില്ലാതെയാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. പുതിയ തീരുമാനപ്രകാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമായാലും സൗജന്യചികിത്സ എന്ന ആവശ്യം നടപ്പിലാക്കാന്‍ സാധിക്കില്ല. നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തന്നെ പുതിയ സ്ഥാപനത്തെയും ബാധിക്കുകയും നിയമ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നതും. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമാകാനും സാധ്യതയുണ്ട്. എംബിബിഎസിന്റെ സ്ഥിരാംഗീകാരവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജിന് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ അംഗീകാരം നല്‍കാനാവില്ലെന്ന് അന്ന് ഐഎംസി വ്യക്തമാക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം തന്നെ നഷ്ടമാകും. എന്നാല്‍ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം തങ്ങളുടെ ഭാവിയെ ത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.