സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട,അതും ഒരു പാഠം

Tuesday 20 June 2017 7:24 am IST

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നൊരു പാഠം ചെറു ക്‌ളാസില്‍ പഠിച്ചിട്ടുണ്ട്.ഏതാണ്ട് അരനൂറ്റാണ്ടു മുന്‍പാണ്.റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇരുവശവും ശ്രദ്ധിച്ചു മാത്രമേ കടക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ് ഉദാഹരണ സഹിതം ചിലത് അതില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ഇന്നത്തെ വാഹന ബാഹുല്യവും റോഡിലെ തിരക്കുംവെച്ചു നോക്കുമ്പോള്‍ അന്നത്തേത് ഒന്നുമല്ല.ഇന്നുള്ളതിന്റെ ആയിരത്തിലൊന്നു മാത്രമേ കാണൂ.എന്നാലും അതു വലിയ ഓര്‍മ്മപ്പെടുത്തലായിരുന്നു.ജീവിതത്തില്‍ ഇങ്ങനെ അനേകം മുന്‍ കരുതലുകള്‍ അല്ലെങ്കില്‍ ദുഖിക്കാതിരിക്കാനുള്ള സൂക്ഷ്മതകള്‍ ഉണ്ടായിരിക്കണം. ജീവിതം സുഖദുഖ സമ്മിശ്രമാണ്.എന്നാല്‍ പലദുരിതങ്ങളും നമ്മുടെ സൂക്ഷ്മക്കുറവുകൊണ്ടു വരുന്നതാണ്.എത്ര സൂക്ഷിച്ചാലും വരേണ്ടതു വഴിയില്‍ തങ്ങില്ല എന്നു പറയാറുണ്ട്.അതു മുഴുവനും ശരിയല്ല.അതു നാട്ടേക്കമുള്ള ഒരു പറച്ചിലായിമാത്രം കരുതിയാല്‍ മതി.ജീവിതത്തില്‍ സൂക്ഷ്മത അനിവാര്യമാണ്.ഉദാഹരണം പറഞ്ഞാല്‍ ജീവിതം മുഴുവനും ഉദാഹരണങ്ങള്‍ തന്നെയാണെന്നു പറയേണ്ടിവരും. എന്നാലും നമ്മള്‍ അറിഞ്ഞുകൊണ്ടു തന്നെ അശ്രദ്ധകള്‍ വരുത്തിവെക്കുന്നുണ്ട്. സിഗരറ്റു വലി ആരോഗ്യത്തിനു ഹാനികരം,മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നുള്ള നിയമ പരമായ മുന്നറിയിപ്പുകള്‍ വായിച്ചുകൊണ്ടു തന്നെയാണ് ഇത്തരം ലഹരികള്‍ നാം ഉപയോഗിക്കുന്നത്.ക്യാന്‍സറിന് കാരണമാകുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് പുകവലിയും മദ്യപാനവുമെന്ന് എല്ലാവര്‍ക്കും അറിയാം.എന്നിട്ടും നമ്മളത് ഉപേക്ഷിക്കാത്തതു സത്യത്തില്‍ സ്വയം ചെയ്യുന്ന ചതിയാണ്.ഇത്തരം ചതികള്‍ നിര്‍ലജ്ജം ചെയ്തുകൊണ്ടേയിരിക്കുകയാണ് നാം.ഊണിലും ഉറക്കത്തിലും ഉടുപ്പിലും നടപ്പിലും ഇരിപ്പിലും ചിന്തയില്‍പ്പോലും ഇതു സംഭവിക്കുന്നുണ്ട്. നമ്മുടെ വാക്കിലും നോക്കിലും പെരുമാറ്റത്തിലും അന്യര്‍ക്ക് ഉപദ്രവകരമായതു നാം ചെയ്യുന്നുണ്ട്. ഒരു ദിവസം എത്രപേരുടെ വെറുപ്പാണ് അറിഞ്ഞും അറിയാതെയും ഏറ്റു വാങ്ങുന്നത്.അപ്പോള്‍ ചോദിക്കും മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചാണോ ജീവിക്കേണ്ടതെന്ന്,അല്ല.പക്ഷേ മനുഷ്യന്‍ സാമൂഹ്യ ജീവിയായതുകൊണ്ട് അന്യന്റെ ഇഷ്ടങ്ങളും കൂടി നോക്കേണ്ടി വരും.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം. എഴുത്തിലും ചിന്തയിലും മഹാപ്രതിഭയായിരുന്ന ജീന്‍ പോള്‍ സാര്‍ത്ര് ഒരിക്കല്‍ പറഞ്ഞത് അന്യനാണു നരകമെന്നാണ്.സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിചിന്തനത്തില്‍ വലിയൊരു അര്‍ഥ വിതാനത്തിലാണ് സാര്‍ത്ര് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.നമ്മുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടുമ്പോള്‍ അന്യന്‍ നരകമായിത്തീരും എന്നാണ് അദ്ദഹം പറഞ്ഞതിന്റെ പൊരുള്‍.പക്ഷേ ഇതു മനസിലാക്കാതെ അന്യന്‍ നരകമാണെന്നു വിധിച്ചാല്‍ എന്തായിരിക്കും ഫലം. എന്നാല്‍ ഒരു സൂക്ഷ്മതയും ജീവിതത്തിനാവശ്യമില്ലെന്നും ജീവിതം ഇഷ്ടങ്ങള്‍മാത്രമാണെന്നും പറയുന്നവരും അങ്ങനെ ജീവിക്കുന്നവരും ഉണ്ടാകാം.ഇവരും സ്വന്തം ഇഷ്ടങ്ങള്‍ നോക്കുമ്പോള്‍ അതിനുചുറ്റും സുരക്ഷിതത്വവും കൂടി നോക്കുമായിരിക്കും.ഒരുതരത്തില്‍ അതും ഒരു സൂക്ഷ്മതയല്ലേ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.