നാല്‌ സിപിഎമ്മുകാര്‍ കൂടി അറസ്റ്റില്‍

Wednesday 16 May 2012 11:03 pm IST

വടകര/കോഴിക്കോട്‌: റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ നാല്‌ സിപിഎമ്മുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കാവില്‍ പറമ്പത്ത്‌ വീട്ടില്‍ ബാബൂട്ടി എന്ന കെ.സി. രാമചന്ദ്രന്‍ (52), അഴിയൂര്‍- കോറോത്ത്‌ റോഡില്‍ പാറമ്മല്‍ മീത്തല്‍ ദില്‍ഷാദ്‌ (27), അഴിയൂര്‍ - കോറോത്ത്‌ റോഡില്‍ പാറപ്പുറത്ത്‌ മുഹമ്മദ്‌ ഫൈസല്‍ (27), കൂത്തുപറമ്പ്‌ പൊന്ന്യം കുണ്ടുച്ചിറ മുരുക്കോളി ചന്ദ്രന്റെ മകന്‍ സനു എന്ന സനീഷ്‌ (27) എന്നിവരുടെ അറസ്റ്റാണ്‌ പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്‌. ലോക്കല്‍ കമ്മറ്റി അംഗമായ കെ.സി. രാമചന്ദ്രനെ കഴിഞ്ഞ ദിവസം തന്നെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇയാളില്‍ നിന്ന്‌ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ്‌ സൂചന. ഗൂഢാലോചനയുടെ തുടക്കം മുതല്‍ രാമചന്ദ്രന്‍ പങ്കെടുത്തതായി പോലീസ്‌ അറിയിച്ചു. പ്രതികള്‍ക്ക്‌ സാമ്പത്തിക സഹായം എത്തിച്ചതും രാമചന്ദ്രനാണ്‌. റെവല്യൂഷണറി പാര്‍ട്ടി നേതാവ്‌ ബാലനെ ആക്രമിച്ച കേസിലും പ്രതിയാണ്‌ ഇയാള്‍. ദില്‍ഷാദിന്റെ വീട്ടില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുണ്ട്‌. ആയുധങ്ങള്‍ എത്തിക്കാനും സിം കാര്‍ഡുകള്‍ സംഘടിപ്പിക്കാനും ദില്‍ഷാദിനൊപ്പം ഫൈസലും പങ്കുചേര്‍ന്നു. പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയും ബൈക്കും എത്തിച്ചുകൊടുക്കുകയാണ്‌ സനീഷ്‌ ചെയ്തതെന്നും പോലീസ്‌ അറിയിച്ചു. എ.ഡി.ജി.പി വിന്‍സെന്റ്‌ എം.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ച്‌ പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കുണ്ടമംഗലം ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌ പ്രതികളെ ഹാജരാക്കിയത്‌. അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പടയങ്കണ്ടി രവീന്ദ്രനടക്കം നാല്‌ പ്രതികളെ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ലംബു എന്ന പ്രദീപനെ കോടതി റിമാന്‍ഡ്‌ ചെയ്തു.
സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ (47), അഴിയൂര്‍ സ്വദേശികളായ കുട്ടു എന്ന റമീഷ്‌ (21), ദീപു എന്ന ദിപിന്‍ (27), കോടിയേരി സ്വദേശി രജിത്‌ (23) എന്നിങ്ങനെ നാല്‌ പേരെയാണ്‌ 19 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടത്‌. ഒന്നാം പ്രതി ലംബു എന്ന പ്രദീപ(34)നെ ഈ മാസം 30 വരെ റിമാന്റ്‌ ചെയ്തു. ഐപിസി 302 പ്രകാരം കൊലപാതകം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ്‌ പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്‌. കൂടുതല്‍ ചോദ്യം ചെയ്യലിനായി പടയങ്കണ്ടി രവീന്ദ്രനെ 14 ദിവസത്തേക്കും മറ്റുള്ളവരെ നാല്‌ ദിവസത്തേക്കും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെട്ടത്‌.
ഉച്ചക്ക്‌ 1.30 ഓടെയാണ്‌ പ്രതികളെ കുണ്ടമംഗലം കോടതിയില്‍ കൊണ്ടുവന്നത്‌. കോടതി നടപടികള്‍ക്കുശേഷം പ്രതികളെ വടകരയിലേക്ക്‌ കൊണ്ടുപോയി. പ്രതികള്‍ എത്തുന്നതറിഞ്ഞ്‌ വന്‍ ജനക്കൂട്ടം രാവിലെ മുതല്‍ തന്നെ കോടതി പരിസരത്ത്‌ തടിച്ചുകൂടിയിരുന്നു. വന്‍ പോലീസ്‌ സംഘവും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന്‌ ഉണ്ടാകുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ്കാവല്‍ തുടരുകയാണ്‌. കെ.സി. രാമചന്ദ്രന്റെ വീടിന്‌ ബുധനാഴ്ച ഒരുസംഘം തീവെച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം നേതാവ്‌ രവീന്ദ്രന്റെ വീടിന്‌ കനത്ത പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
സ്വന്തം ലേഖകന്മാര്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.