ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിഎസിന് വിലക്ക്

Tuesday 20 June 2017 7:04 am IST

കൊച്ചി: സിപിഎം മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന് വിലക്ക്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് വിലക്കെന്നാണ് സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സ്ഥാപകനേതാക്കളില്‍ ഒരാളായ വിഎസിനെ പങ്കെടുപ്പിക്കാത്തതില്‍ സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരുവിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ധനമന്ത്രി ഡോ.തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ സെമിനാറുകളില്‍ പങ്കെടുത്തു. എന്നാല്‍ ഭരണപരിഷ്‌കരണ കമ്മറ്റി ചെയര്‍മാന്‍കൂടിയായ മുതിര്‍ന്ന നേതാവ് വിഎസിന് ഒരു പരിപാടിയിലേക്കും ക്ഷണം ഉണ്ടായില്ല. വിഎസിനെ പരിപാടികളില്‍ പങ്കെടുപ്പിച്ചാല്‍ ലോ അക്കാദമി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചേക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നാവശ്യപ്പെട്ട എം. സ്വരാജ് എംഎല്‍എയാണ് സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാരിലും ഭരണത്തിലും സ്വാധീനം നഷ്ടപ്പെട്ട വിഎസിന് വര്‍ഗ്ഗ-ബഹുജന സംഘടനകളില്‍ പിണറായിയേക്കാളും പിന്‍ബലമുണ്ട്. അതുകൊണ്ടുതന്നെയാണ് പോഷകസംഘടനകളുടെ പരിപാടികളില്‍ വിഎസിനെ പങ്കെടുപ്പിക്കാത്തത്. അഖിലേന്ത്യാ സെക്രട്ടറി അഭയ് മുഖര്‍ജി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ബിജെപിയായിരുന്നു മുഖ്യം. ബിജെപിയുടെ വളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്തും. ഇന്ന് ഉച്ചക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള പ്രീതി ശേഖറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. പിണറായി വിജയന്റെ വിശ്വസ്തനായ മുഹമ്മദ് റിയാസിനെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കിയേക്കും. പ്രീതി ശേഖര്‍ നിലവില്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.