കെഎസ്ഇബി കുഴികുത്തി ജലവിതരണ കുഴല്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

Saturday 4 February 2017 9:34 pm IST

കോട്ടയം: റോഡില്‍ പോസ്റ്റ് സ്ഥാപിക്കാന്‍ വൈദ്യുതബോര്‍ഡ് കുഴിയെടുത്തപ്പോള്‍ പൊട്ടിയ ജലവിതരണ കുഴലിലൂടെ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. തിരുനക്കര മഹാദേവക്ഷേത്രത്തിന് മുന്നില്‍നിന്നും ശ്രീനിവാസ അയ്യര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴല്‍ പൊട്ടിയിട്ടുള്ളത്. കുഴിയെടുക്കല്‍ ആരംഭിച്ചപ്പോള്‍തന്നെ റോഡിനടിയിലൂടെ ജലവിതരണ കുഴല്‍ കടന്നുപോകുന്ന വിവരം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ജെസിബി ഉപോഗിച്ചാണ് കുഴിയെടുത്തത്. ഒന്നരയടിയോളം താഴ്ന്നപ്പോള്‍തന്നെ കുഴല്‍പൊട്ടി ജലം കുത്തിയൊലിച്ച് തുടങ്ങി. ഉടന്‍തന്നെ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിയുപേക്ഷിച്ച് കടന്നുകളഞ്ഞു. നിരവധി തവണ നാട്ടുകാര്‍ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇവരാരും ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. സംഭവം നടന്നിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. നഗരത്തിലെ ഉയര്‍ന്ന പ്രദേശമായ തിരുനക്കരയിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത് ജലവിതരണ വകുപ്പിനെയാണ്. പൊട്ടിയ കുഴലിലൂടെ ജലം പാഴാകുന്നതുമൂലം ടാപ്പുകളിലൂടെ വളരെ നേരിയ തോതിലാണ് വെള്ളം ലഭിക്കുന്നത്. പൊട്ടിയ ജലം സമീപത്തെ ഓടയിലേയ്ക്കാണ് ഒഴുകിപ്പോകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത മഴയെ തുടര്‍ന്ന് മലിനജലം ഈ കുഴിയില്‍ നിറയുകയും പൊട്ടിയ പൈപ്പിലൂടെ ശുദ്ധജലവുമായി കലര്‍ന്ന് ഒഴുകുകയും ചെയ്തിരുന്നു. ഇടുങ്ങിയതും ധാരാളം വാഹനങ്ങള്‍ കടന്നുപോകുകയും ചെയ്യുന്ന ഈ സ്ഥലത്ത് കുഴിയെടുത്തതിനെ തുടര്‍ന്നുള്ള മണ്ണും അവശിഷ്ടങ്ങളും കൂടിക്കിടക്കുന്നു. ഇത് കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തി കുടുവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഒപ്പം ജനങ്ങളെ അപകടത്തില്‍നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.