കണ്ണൂര്‍: ധീര സൈനികര്‍ക്ക് ശ്രദ്ധാജ്ഞലിയര്പ്പിച്ചുകൊണ്ടുളള സോമനാഥ്ഝായുടെ സൈക്കിള്‍ യാത്രക്ക് ഇന്ന് കൂടാളിയില് സ്വീകരണം നല്‍കും. ഭാരതം സ്വതന്ത്രമായതിനു ശേഷം നടന്ന യുദ്ധങ്ങളിലും ഓപ്പറേഷനുകളിലും വീരമൃത്യു വരിച്ച 2000ത്തില്‍പ്പരം ധീര സൈനികര്‍ക്ക് ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു കൊണ്ടാണ് 2016 ഒക്ടോബര്‍ മുതല്‍ സോമനാഥ്ഝാ യാത്ര ആരംഭിച്ചത്. 2017 ഏപ്രില്‍ മാസത്തില്‍ സമാപിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വീരമൃത്യു വരിച്ച സൈനികരുണ്ട് എന്നതിനാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സ്പര്‍ശിച്ചുകൊണ്ടാണ് യാത്ര മുന്നോട്ട് പോവുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യാത്ര കണ്ണൂരിലുമെത്തുന്നത്. 37 വര്‍ഷത്തെ സൈനികസേവനത്തിനു ശേഷം വിരമിച്ചയുടന്‍ യാത്ര ആരംഭിക്കുകയായിരുന്നു. സൈക്കിള്‍ യാത്രയ്ക്ക് സഹായമേകിക്കൊണ്ട് സോമനാഥ്ഝായുടെ പത്നി ചിത്രാഝ മറ്റൊരു വാഹനത്തില്‍ സൈക്കിള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്. കണ്ണൂരിലെത്തുന്ന യാത്രക്ക് കൂടാളി ഹൈസ്ക്കൂള് പരിസരത്ത് പൂര്‍വ്വസൈനിക സേവാ പരിഷത്തും കൂടാളി ഹൈസ്ക്കൂള് എന്‍സിസി യൂനിറ്റും ചേര്‍ന്ന് ഇന്ന് ഉച്ചക്ക് കൂടാളിയില് സ്വീകരണം നല്‍കുമെന്ന് പൂര്‍വ്വസൈനിക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ്, പി.ആര്.രാജന്, മോഹനന്, വിനോദ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ പൂര്‍വ്വ സൈനികരും ചടങ്ങില്‍ സംബന്ധിക്കണമെന്ന് ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: