നിയമം കാറ്റില്‍ പറത്തി അനധികൃത അറവുശാലകള്‍

Sunday 5 February 2017 9:16 pm IST

ഒറ്റപ്പാലം: അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇനിയും പ്രാവര്‍ത്തികമായില്ല. നഗരസഭാ പ്രദേശത്തും സമീപപഞ്ചായത്തുകളിലും അനധികൃത അറവുശാലകളുടെ എണ്ണം അനവധിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് മിക്കതും പ്രവര്‍ത്തിക്കുന്നത്. അനുമതിയുള്ള അറവുശാലകളില്‍തന്നെ നിയമം പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. മിക്ക അറവുശാലകളും സംസ്ഥാനപാതയോരങ്ങളിലോ ജില്ലാ പാതയോരങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയുണ്ടാക്കുന്ന പരിസരമലിനീകരണവും ഏറെയാണ്. ഇതുസംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്കും പരിഹാരമുണ്ടാകുന്നില്ല. അറവുശാലകളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തൂക്കിയിടരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല. ഒറ്റപ്പാലം,പട്ടാമ്പി താലൂക്കുകളില്‍ ഇത്തരത്തിലുള്ള അനധികൃത അറവുശാലകള്‍ നിരവധിയാണ്. ശുചീകരണമില്ലാത്തതും, മലിനമായ അന്തരീക്ഷത്തിലുമാണു ഇവപ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു അറവുശാലകള്‍ ഉണ്ടെങ്കില്‍ മാത്രമേ മാംസ കച്ചവടം നടത്താന്‍പാടുള്ളു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പല പ്രദേശങ്ങളിലും വില്‍പ്പന തകൃതിയായി നടക്കുന്നത്. ഇവയ്ക്ക് ലൈസന്‍സ് ഇല്ലെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും അറിയാം. എന്നാല്‍ നടപടിയെടുക്കുവാന്‍ അവര്‍ തയ്യാറാകുന്നുമില്ല.മാംസത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും വ്യാപക പരാതിയുണ്ട്.അതാതുപ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗബാധിതമല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ സ്ഥിരംപരിശോധന പ്രാവര്‍ത്തികമാകില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നഗരസഭയുടെ അനുമതിയോടെ ഈസ്റ്റ്ഒറ്റപ്പാലത്തു പ്രവര്‍ത്തിച്ചിരുന്ന അറവുശാല പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്നു അനധികൃത അറവുശാലകള്‍ക്കെതിരെ ഇത്രയും കാലംയാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറവുശാലകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഹൈക്കോടതിവിധി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അനാസ്ഥയുടെ മറവിലാണ് അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് ലഭിച്ച പരാതികളിന്മേലും നടപടിയുണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.