മൂന്ന്‌ സിപിഎമ്മുകാര്‍ കൂടി അറസ്റ്റില്‍

Thursday 17 May 2012 10:09 pm IST

കണ്ണൂര്‍: റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയടക്കം 3 സിപിഎമ്മുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സിപിഎം പാനൂര്‍ മീത്തലെ കുന്നോത്ത്പറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടറി വടക്കയില്‍ മനോജ്‌ (42), പാട്യം മുതിയങ്ങ സൗപര്‍ണ്ണികയില്‍ സന്ദീപ്‌, കിഴക്കേയില്‍ ഷനോജ്‌ എന്നിവരെയാണ്‌ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തത്‌.
ബ്രാഞ്ച്‌ സെക്രട്ടറിയായ മനോജിനെ ഗൂഢാലോചന കേസിലും സന്ദീപ്‌, ഷനോജ്‌ എന്നിവരെ കൊലയാളി സംഘത്തില്‍പ്പെട്ട പാട്യം കൊട്ടിയോടിയിലെ ടി.കെ എന്നുവിളിക്കുന്ന രജീഷിനെ നാനോ കാറില്‍ മാഹിയിലെത്തിച്ചുവെന്ന കുറ്റത്തിനുമാണ്‌ അറസ്റ്റു ചെയ്തത്‌. ഇവര്‍ സഞ്ചരിച്ച നാനോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കൃത്യം നടത്തിയ ശേഷം പ്രതികളില്‍ ചിലരെ കൂത്തുപറമ്പില്‍ എത്തിച്ചുവെന്നതിന്‌ തലശ്ശേരി പൊന്ന്യം കുണ്ടംചിറയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊന്നുവിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്‌. ഇയാളുടെ കണ്‍മണിയെന്ന ഓട്ടോയും പോലീസ്‌ പിടിച്ചെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി വടകരയിലേക്ക്‌ കൊണ്ടുപോയി. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്ക്‌, സിഐ: പി.പി.ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.
കൊലപാതകത്തില്‍ പരോക്ഷമായും പ്രത്യക്ഷമായും പങ്കുള്ള സിപിഎമ്മിന്റെ കണ്ണൂരിലേയും പാനൂര്‍, ചൊക്ലി മേഖലകളിലുമുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്ന്‌ വ്യക്തമായ സൂചനയുണ്ട്‌. ഇന്നലെ അറസ്റ്റിലായ പ്രതികളെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും ജില്ലയിലെ മുന്‍ എംഎല്‍എയും ഉന്നത നേതാവുമായ വ്യക്തിയുമടക്കമുള്ളവര്‍ അറസ്റ്റിലാവുമെന്ന വ്യക്തമായ സൂചനയാണ്‌ പ്രത്യേകാന്വേഷണ സംഘം നല്‍കുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.