അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി

Tuesday 20 June 2017 4:10 am IST

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ബെംഗളൂരു കൈലാസാശ്രമ മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി സ്വാമി ഭദ്രദീപം തെളിയിക്കുന്നു

കോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ബെംഗളൂരു കൈലാസാശ്രമ മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി സ്വാമി നൂറ്റി അഞ്ചാമത്ഹിന്ദുമത പരിഷത്തിന് ഭദ്രദീപം തെളിയിച്ചു. ഹിന്ദുവിന് ശാന്തിമന്ത്രം മാത്രം പോര, ശക്തിമന്ത്രവും വേണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി സ്വാമി പറഞ്ഞു. ഹിന്ദുവെന്നത് ഒരുമതം മാത്രമല്ല, നാടിന്റെ സംസ്‌കാരംകൂടിയാണ്.

ഭാരതത്തില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ ആണ്. ഹിന്ദു എന്ന് പറഞ്ഞാല്‍ ഭാരത ദേശമെന്നാണ് അര്‍ത്ഥം. സനാതന ധര്‍മ്മം അനുസരിച്ച് ജീവിക്കുന്നവര്‍ ആചാരങ്ങളും അനുഷ്ഠാ നങ്ങളും കൃത്യമായി പാലിക്കണം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നമുണ്ടാകുമ്പോഴാണ് ദുഃഖങ്ങള്‍ ഉണ്ടാകുന്നത്. ദേവാലയദര്‍ശനവും സാധനകളും ജീവിത ശൈലിയായി മാറ്റണം.

വേദങ്ങളും ഉപനിഷത്തുക്കളും എല്ലാവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പഠിക്കുന്നതിന് തടസ്സമില്ല. വേദങ്ങള്‍ പഠിച്ചാല്‍ മാത്രം പോര. ആചാരങ്ങള്‍ പാലിക്കണം. ഹിന്ദുമതം ഒരു ജീവിത ചര്യയാണ്. സനാതന ധര്‍മ്മത്തിന് അപചയം ഉണ്ടായപ്പോഴാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. യുവതലമുറ ഈശ്വരവിശ്വാസത്തില്‍ ജീവിക്കുകയും അനുഷ്ഠാനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയും വേണം. അധര്‍മ്മത്തിന്റെയും അനാചാരത്തിന്റെയും കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകരുതെന്നും സ്വാമിജി പറഞ്ഞു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ അധ്യക്ഷനായി. പ്രപഞ്ചത്തിലെ എല്ലാ ചരചരങ്ങളിലും ഈശ്വരാംശമുണ്ട്. മറ്റുള്ളവര്‍ക്ക് ഉപദ്രവങ്ങള്‍ ചെയ്താല്‍ സ്വന്തം ജീവിതത്തില്‍ പാപത്തിന്റെ ഫലം ഉണ്ടാകും. വിഷയ സുഖങ്ങളുടെ പിന്നാലെ പായാതെ മനസ്സ് ദൈവത്തിങ്കല്‍ അര്‍പ്പിച്ചുവേണം ജീവിക്കേ ണ്ടതെന്നും സ്വാമിജി പറഞ്ഞു.
വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം ഡോ. ആര്‍. രാമന്‍നായര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കി.

രാജു ഏബ്രഹാം എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ള, ഡോ. ആര്‍. രാമന്‍ നായര്‍, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് , ജോ. സെക്രട്ടറി ടി.എന്‍. രാജശേഖരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.