നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 20 June 2017 1:14 am IST

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടയില്‍ ഉപകരണം സ്ത്രീയുടെ വയറ്റില്‍ കുരുങ്ങിയ സംഭവത്തില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍, സഹഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍ നിന്നും തുക ഈടാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസിന്റെ ഉത്തരവ്. .നെടുമങ്ങാട് തൊളിക്കോട് സ്വദേശിനി ലൈലാബീവിക്ക് ആരോഗ്യവകുപ്പ് രണ്ട് മാസത്തിനകം നഷ്ടപരിഹാരം നല്‍കിയ ശേഷം കമ്മീഷനെ അറിയിക്കണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 2016 ഓഗസ്റ്റ് 15 നായിരുന്നു സംഭവം. ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വയര്‍ തുന്നികെട്ടിയെന്നും പിന്നീടാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഒരു ഉപകരണത്തിന്റെ കുറവു കണ്ടെത്തിയതെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രോഗിയെ സ്‌കാനിംഗിന് വിധേയമാക്കി ഉപകരണം വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ഓപ്പറേഷന്‍ നടത്തി. ടവല്‍ ക്ലിപ്പിന്റെ ചെറിയ ഭാഗമാണ് വയറില്‍ കുടുങ്ങിയത്. ഡോക്ടറുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടും കമ്മീഷനെ അറിയിച്ചു. സംഭവം അവിചാരിതമാണെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ ഈ സംഭവം മെഡിക്കല്‍ നെഗ്ലിജന്‍സാണെന്ന് ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.