കാക്കനാട്: സംസ്ഥാന സ്പ്യെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കോട്ടയം ജില്ലക്ക് ഓവര്‍റോള്‍ കിരീടം, 110 പോയിന്റ്. എറണാകുളം(51), തൃശൂര്‍ (43) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. സ്കൂള്‍ അടിസ്ഥാനത്തില്‍ സാജോസ് വിദ്യാലയ ഏറ്റുമാനൂര്‍(52), നിര്‍മലസദന്‍(43), എറണാകുളം പ്രതീക്ഷ ട്രെയ്നിങ് സെന്റര്‍(43) എന്നീ സ്കൂളുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഏറ്റവും നല്ല സ്കൂളായി കോട്ടപ്പുറം അനുഗ്രഹ സ്പ്യെഷല്‍ സ്കൂളിനെ തെരഞ്ഞെടുത്തു.
തൃക്കാക്കര ഭാരതമാത കോളേജില്‍ മൂന്നു ദിവസമായി നടന്നുവന്ന സ്പെഷല്‍ സ്കൂള്‍ കലോത്സവം മാനസികവും ബൗദ്ധികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പുത്തനുണര്‍വേകിയാണ് സമാപിച്ചത്. എട്ടുവേദികളിലായി 23 ഇനങ്ങളിലായിരുന്നു മത്സരം. നൃത്ത മത്സരങ്ങളാണ് സമാപന ദിവസം നടന്നത്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് വേദികളില്‍ നിറഞ്ഞാടിയത്.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് ചെയര്മാന് ഫാ.റോയി മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് കെമാല്‍ പാഷ, കൊച്ചി റേഞ്ച് ഐജി പി.വിജയന്, പ്രൊഫ. കെ.വി. തോമസ് എംപി, പി.ടി.തോമസ് എംഎല്‍എ, ഭാരത് മാത കോളേജ് മാനേജര്‍ ജേക്കബ് പാലക്കാപ്പിള്ളി, ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ്, വൈഎംസിഎ എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യച്ചന്, എം.വി. എല്‍ദോ, ജോണ്‍ ലൂക്കോസ്, എസ്സിഇആര്ടി അസി. പ്രൊഫ. ഡോ: എസ്.മീന, ഫാ.റോയി കുന്നച്ചിറ എന്നിവര്‍ പങ്കെടുത്തു.
സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിലെ ഡോ.മേരി അനിത സ്വാഗതവും അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് വൈസ് ചെയര്മാന് സുശീല കുര്യച്ചന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: