പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വൃക്ഷവൃദ്ധന്മാര്‍ക്ക് മരണ വാറണ്ട്

Monday 6 February 2017 7:17 pm IST

ബത്തേരി : പുരാതന വയനാട്ടിലെ പ്രധാന വാണിജ്യപാതകളിലൊന്നായിരുന്ന ബത്തേരി-താളൂര്‍-പന്തല്ലൂര്‍ പാതയോരത്തെ ചരിത്ര ശേഷിപ്പുകളായ വന്‍മരങ്ങളും മുറിച്ചുനീക്കുന്നു. ക്രിസ്തു പത്ത്-പതിനൊന്ന് നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്ന ഗണപതിവട്ടം എന്ന സമ്പന്നമായിരുന്ന ജനപഥത്തെ കിഴക്കന്‍ ചേരമണ്ഡലവുമായും വളളുവനാടന്‍ നാടുകളുമായി ബന്ധിപ്പിച്ചിരുന്ന റോഡാണിത്. കച്ചട സംഘങ്ങളും മറ്റ് യാത്രികരും ഉപയോഗിച്ചിരുന്ന ഈ പാതയിലെ സഞ്ചാരികള്‍ക്ക് തണലേകാനാണ് മാവ്, പ്ലാവ്, പുളി തുടങ്ങിയവ അന്ന് വെച്ചുപിടിപ്പിച്ചത്. ഇവയാണ് അന്തര്‍ സംസ്ഥാത പാത വിപുലീകരണത്തിന്റെ പേരില്‍ ഇപ്പോള്‍ മുറിച്ചുനീക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന അതിര്‍ത്തിയായ താളൂരിലേക്ക് പതിനൊന്ന് കിലോ മീറ്ററാണെങ്കിലും ഒന്നാംഘട്ടത്തില്‍ ടൗണില്‍ നിന്ന് മൂന്ന് കി.മീ. ദൂരം മാത്രമാണ് ഇപ്പോള്‍ വീതി കൂട്ടുന്നത്. അഞ്ചര മീറ്ററായിരുന്നത് ഏഴ് മീറ്റര്‍ വീതിയാകും. കന്നഡ, കുടക് നാടുകളേയും ചേരമണ്ഡലത്തേയും പടിഞ്ഞാറന്‍ കടല്‍ തീരത്തോട് ബന്ധിപ്പിച്ചതും ഈ പാത യാണ്. വയനാടന്‍ചെട്ടിമാരുടേയും നായന്മാരുടേയും നിരവധി കുടിയിരിപ്പുകളും ഇവിടയുണ്ട്. മാടക്കര, കോളിയാടി, പഴൂര്, എരുമാട്, ചുളളിയോട്, തിരുമംഗലം അമ്പലവയല്‍ തുടങ്ങിയ സ്ഥല നാമങ്ങള്‍ ഇതിന് തെളിവാണ്. പഴയ വയനാടന്‍ വാഗ്മയ പ്രകാരം കുറുമ്പ്രനാട് രാജവംശത്തിന്റെ വയനാട്ടിലെ ആസ്ഥാനമാണ് ഈ പാതയിലെ കോളിയാടി. പുറൈക്കിഴാര്‍നാട്, കുറുമ്പ്രനാട് രാജാക്കന്മാര്‍ ഇവിടെ ഒത്ത്കൂടിയാണ് തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നത്. പഴശ്ശി സമരകാലത്തെ കേണല്‍ വെല്ലസ്ലിയുടേയും ടിപ്പുവിന്റെയും സുഹൃത്തായിരുന്ന പഴൂര്‍ എം.എന്‍ നായരും ഈ നാട്ടിലെ ജന്മിയായിരുന്നു. വടക്കന്‍ പാട്ടുകളിലെ പ്രസിദ്ധമായ വയനാടന്‍കോട്ടയും അതിന്റെ അധിപനായ വയനാടന്‍ കേളുവും ജീവിച്ചിരുന്നതും ഈ പാതയോരത്താണെന്ന് ചരിത്രം പറയുന്നു. 1773 മുതല്‍ 1796 വരെ കര്‍ണ്ണാടക ഭരണത്തില്‍ ഈ പ്രദേശത്തെ പ്രാചീന ജനപഥങ്ങളെ പലവട്ടം കൊളളയടിക്കുകയും തുടച്ചു നീക്കുകയും ചെയ്തതായി ചരിത്രം തെളിവ് നല്‍കുന്നുണ്ട്. ഇതില്‍ പൊറുതിമുട്ടി സമാധനപ്രിയരായ ജനങ്ങള്‍ നാടുവിട്ടതോടെയാണ് ഗണപതിവട്ടത്തിന്റെയും ഈ പാതയുടേയും പ്രതാപകാലം അസ്തമിച്ചത്. ഇതോടെ ചുരുങ്ങിയ കാലം നാടുവാണ ടിപ്പുവിന്റെ പേരില്‍ പുതിയ ലനാമവും ഉണ്ടായി. വയനാടിന്റെ പ്രാചീന ചരിത്രത്തിലേക്ക് നീണ്ടുകിടക്കുന്ന ഈ പാതയോരത്തെ വൃക്ഷ വൃദ്ധന്‍മാരെ അകാലമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുമോ എന്നാണ് ചരിത്ര സ്‌നേഹികള്‍ ഉറ്റുനോക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.