നഗരത്തിലെ ഗതാഗത പരിഷ്‌കരണം കെഎസ്ആര്‍ടിസിക്ക് ബാധകമല്ല

Monday 6 February 2017 9:02 pm IST

ആലപ്പുഴ: നഗരത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഗതാഗ പരിഷ്‌കരണം കെഎസ്ആര്‍ടിസി പാലിക്കാത്തതിനാല്‍ നഗരത്തില്‍ ഗതാഗതതടസ്സം വര്‍ദ്ധിക്കുന്നു. അമ്പലപ്പുഴ ഭാഗത്തുനിന്ന് ദേശീയപാത വഴിവരുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് കൂടുതലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ദേശീയപാത വഴി തെക്കുനിന്ന് എത്തുന്ന ഇത്തരം ബസ്സുകള്‍ ജനറല്‍ ആശുപത്രിക്ക് സമീപം തിരിഞ്ഞ് കല്ലുപാലം വഴിയാണ് സ്റ്റാന്‍ഡിലെത്തുന്നത്. സ്റ്റാന്‍ഡില്‍ നിന്ന് ദേശീയപാത വഴി പോകുന്ന ബസ്സുകളും കല്ലുപാലം വഴി ജനറല്‍ ആശുപത്രിക്കു സമീപത്തെത്തി ദേശീയപാതയിലേക്ക് കയറുന്നു. തീരെ ഇടുങ്ങിയ ഈ റോഡിലൂടെ വണ്‍വേ സമ്പ്രദായം തെറ്റിച്ചാണ് മിക്ക കെഎസ്ആര്‍ടിസി ബസ്സുകളും പോകുന്നത്. പുതിയ ഗതാഗത പരിഷ്‌കാരമനുസരിച്ച് തെക്കുഭാഗത്തു നിന്നെത്തുന്ന ബസ്സുകള്‍ ഇരുമ്പുപാലം വൈഎംസിഎ വഴി ബോട്ടുജെട്ടിയില്‍ എത്തിവേണം സ്റ്റാന്‍ഡിലേക്ക് കയറാന്‍. എന്നാല്‍ ചില കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഇതുവഴി പോകാതെ ജനറല്‍ ആശുപത്രിക്കു സമീപം തിരിഞ്ഞ് കല്ലുപാലം വഴി സ്റ്റാന്‍ഡിലേക്ക് കയറുന്നു. ജനറല്‍ ആശുപത്രിക്കു സമീപം ഇരുഭാഗത്തേക്കും തിരിയുന്ന ബസ്സുകള്‍ ദേശീയപാത ഉള്‍പ്പെടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഏറെ തിരക്കുള്ള രാവിലെയും വൈകിട്ടും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ബസുകളുടെ കടന്നുകയറ്റം വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. നഗരത്തിന്റെ പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് പോലീസിനെ നിര്‍ത്തി ഗതാഗത നിയന്ത്രണം നടത്തുന്നുണ്ടെങ്കിലും ഇവരെ മറികടന്നാണ് ചില കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതെന്ന പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.