ചേര്‍ത്തല: സിപിഎം ഏരിയാ സെന്റര്‍ പുന:സംഘടിപ്പിച്ച നടപടിക്ക് ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം. ജില്ലാ നേതാവിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കനത്ത തിരിച്ചടി. ഏരിയാ നേതൃത്വവും ജില്ലാ നേതാവിനെ അനുകൂലിക്കുന്നവരും തമ്മില്‍ നാളുകളായി തുടരുന്ന ചേരിപ്പോരാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമായത്.
ഏരിയാ കമ്മിറ്റിയിലെ പ്രമുഖരായ പി.എസ്. ശ്രീകുമാര്‍, വി.എ. രാജന് എന്നിവരെ സെന്ററില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് ജില്ല കമ്മിറ്റി അംഗീകരിച്ചത്. ഇരുവരും ജില്ലാ നേതാവിനെ അനുകൂലിക്കുന്ന പക്ഷക്കാരാണ്. ഇതിനു പകരമായി ബി. വിനോദ്, പി. ഷാജിമോഹന്‍, കെ.ബി. ബാബുരാജ് എന്നിവരെ ഉള്പെടുത്തിയ നടപടി പുനപരിശോധിക്കും.
ഏരിയാ നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിനു ശക്തിപകരുന്നതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയംഗം പി. രാജീവിന്റെ സാന്നിദ്ധ്യത്തില്‍ കൂടിയ യോഗത്തിലായിരുന്നു ഏരിയാ സെന്റര്‍ പുന:സംഘടിപ്പിച്ചത്. ഇതിനെതിരെ ഒരുവിഭാഗം പരാതി നല്‍കിയതോടെ ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു.
പുന:സംഘടന മരവിപ്പിച്ചെന്ന് നേതാവിനെ അനുകൂലിക്കുന്ന വിഭാഗം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: