വില്വാദ്രി ക്ഷേത്രത്തില്‍ ഏകാദശി ഒരുക്കങ്ങളായി

Monday 6 February 2017 9:10 pm IST

തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന-ഏകാദശി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ശ്രീരാമ-ലക്ഷ്മണന്മാരുടെ പ്രതിഷ്ഠയുള്ള വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഏഴുദിവസങ്ങളിലായി നടക്കുന്ന ലക്ഷാര്‍ച്ചന മഹായജ്ഞം 13ന് തുടങ്ങി അഷ്ടമി വിളക്ക് ദിവസം സമാപിക്കും. ഏകാദശി മഹോത്സവം 19-ാം തീയതി അഷ്ടമി മുതല്‍ ഏകാദശി ദിവസമായ 22നു വരെ നാല് ദിവസങ്ങളിലായി ഭക്തിനിര്‍ഭരമായി ആഘോഷിക്കും. ഏകാദശി ഉത്സവത്തിന്റെ ഭാഗമായി 13 മുതല്‍ ലക്ഷാര്‍ച്ചന മഹായജ്ഞവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. 13ന് കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശനന്‍ നിര്‍വഹിക്കും. സിനിമാ സംവിധായകന്‍ വിജി തമ്പി മുഖ്യാതിഥിയാകും. 19നു അഷ്ടമി വിളക്കുദിവസം ക്ഷേത്രതന്ത്രി കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് വിഷ്ണുഭട്ടതിരിപ്പാടിന്റെയും ഉണ്ണി ഭട്ടതിരിപ്പാടിന്റെയും കാര്‍മികത്വത്തില്‍ കളഭാഭിഷേകവും 11നു 101 പറ അരിയുടെ അന്നദാനവും ഉണ്ടാകും. 22നാണ് പ്രസിദ്ധമായ തിരുവില്വാമല ഏകാദശി. അന്ന് രാവിലെ ശ്രീവില്വാദ്രിനാഥ സംഗീതോത്സവത്തില്‍ ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനം അരങ്ങേറും. വൈകീട്ട് ഏഴിന് മഞ്ജുവാര്യരുടെ കുച്ചുപ്പുടി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ദേവസ്വം മാനേജര്‍ സുനില്‍കര്‍ത്ത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.