വിധവയും അന്ധയുമായ വീട്ടമ്മയ്ക്ക് സിപിഎം ഭരിക്കുന്ന ബാങ്കിന്റെ ജപ്തി നോട്ടീസ്

Monday 6 February 2017 9:13 pm IST

തൊടുപുഴ: വിധവയും അന്ധയുമായ വീട്ടമ്മയുടെ മൂന്ന് സെന്റ് പുരയിടത്തിന് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. കോലാനി ലക്ഷംവീട് കോളനി വഴിയരികില്‍ കലൈഷെല്‍വിക്കാണ് നോട്ടീസ് ലഭിച്ചത്. മകളുടെ വിവാഹ ആവശ്യത്തിനായി 2011ല്‍ തൊടുപുഴ (കോലാനി) സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പക്കാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് മരിച്ച് പോയ ഭര്‍ത്താവ് നാഗേഷിനേയും മകനായ ഗോപി നാഗേഷിനേയും കക്ഷി ചേര്‍ത്താണ് വായ്പ എടുത്തിരുന്നത്. 10000 രൂപ എടുത്തത് പിഴപ്പലിശയും കൂട്ട് പലിശയും ചേര്‍ത്ത് 18154 രൂപ അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജപ്തി നോട്ടീസ് കിട്ടിയ ശേഷം വായിക്കുവാന്‍ സാധിക്കാത്തതിനാല്‍ സമീപത്തെ വിദ്യാര്‍ത്ഥി കളുടെ അടുത്ത് ചെന്നാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോഴാണ് മകളുടെ കല്യാണത്തിന് സഹായിച്ച ദീനദയ ട്രസ്റ്റില്‍ സഹായം ചോദിച്ച് എത്താന്‍ തോന്നിയത്. മകനും മകളും വിവാഹം കഴിഞ്ഞ് താമസം മാറിയതിനാല്‍ തനിച്ച് താമസിക്കുന്ന തനിക്ക് ഒരുനേരത്തെ ആഹാരത്തിന് പോലും പണം കണ്ടെത്തുവാന്‍ ആവുന്നില്ലെന്നും ഇവര്‍ പറയുന്നു. തകര്‍ന്ന് വീഴാറായ വീട് ഇരിക്കുന്ന സ്ഥലം മുമ്പ് സര്‍ക്കാര്‍ ഇവര്‍ക്ക് പതിച്ച് നല്‍കിയതാണ്. മൂന്ന് സെന്റില്‍ താഴെയുള്ള ഭൂമി കണ്ടുകെട്ടാന്‍ നിയമമില്ലെന്നിരിക്കെയാണ് സഹകരണ ബാങ്ക് ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോകുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിലെത്തിയ പിണറായി സര്‍ക്കാര്‍ അഷ്ടിക്ക് വകയില്ലാത്തവരേയും തെരുവിലേയ്ക്ക് ഇറക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് സഹകരണ ബാങ്കിന്റെ ഇത്തരത്തിലൊരു നീക്കം കൂടി വിവാദത്തിലാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.