പാസ്‌പോര്‍ട്ട് കിട്ടി; വനേഷേ- ബ്ലാക്ക്‌ഷോര്‍ ദമ്പതികള്‍ക്കിനി നാടുചുറ്റാം

Monday 6 February 2017 9:16 pm IST

ഇടുക്കി: നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് തിരികെ കിട്ടിയപ്പോള്‍ വനേഷേ -ബ്ലാക്ക്‌ഷോര്‍ ദമ്പതികള്‍ക്ക് ആശ്വാസപുഞ്ചിരി. ബ്രിട്ടണ്‍ ദമ്പതികളായ ഇരുവരും ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തുന്നത്. ഒരാഴ്ച മുമ്പാണ് മൂന്നാറിലെത്തിയത്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ഇരുവരുടെയും പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് യാത്രക്കിടെ പാസ്‌പോര്‍ട്ട്  നഷ്ടപ്പെട്ടതായി ഇരുവരും തിരിച്ചറിയുന്നത്. എന്ത് ചെയ്യുമെന്നറിയാതെ സഹായത്തിനായി  മൂന്നാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ്  ഇവര്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായിരുന്നില്ല. ബാങ്ക് പാസ് ബുക്കും ആറോളം ക്രഡിറ്റ് കാര്‍ഡുകളും ഇതോടൊപ്പം നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ മാട്ടുപ്പെട്ടി സ്വദേശി സുന്ദര്‍ലിങ്കത്തത്ത ിന് ബാഗ് കിട്ടിയതായി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും വിളിച്ച് വരുത്തി എസ്‌ഐ ജിതേഷിന്റെ സാന്നിദ്ധ്യത്തില്‍ സുന്ദര്‍ലിങ്കം തന്നെ സ്‌റ്റേഷനില്‍ വച്ച് പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് ഇരുവര്‍ക്കും കൈമാറുകയായിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതോടെ മറ്റൊരിടത്തേയ്ക്ക് പോകാന്‍പോലുമാകാതെ ഡ്യുപ്ലിക്കേറ്റ് എടുക്കാന്‍ ശ്രമിച്ച് വരികയായിരുന്നു ഇരുവരും. സുന്ദര്‍ലിങ്കത്തിനും മൂന്നാര്‍ പോലീസിനും നന്ദി പറഞ്ഞാണ് ഇരുവരും ഇവിടെ നിന്നും യാത്രയായത്. നാല് ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയതിനാല്‍ ഒരാഴ്ച കൂടി കേരളത്തില്‍ താമസിച്ച ശേഷം മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്ലാക്ക്‌ഷോര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.