നാടിനെ ഈറനണിയിച്ച് കുരുന്നുകള്‍ യാത്രയായി

Monday 6 February 2017 9:41 pm IST

പനമരം: അകാലത്തില്‍ പൊലിഞ്ഞു പോയ കുരുന്നുകള്‍ക്ക് യാത്രമൊഴി. പനമരം മാതോത്ത് പുഴ കവര്‍ന്നെടുത്ത ദില്‍ഷാനക്കും ജസീമിനുമാണ് പനമരം നിറഞ്ഞ കണ്ണുകളോടെ വിട നല്‍കിയത്. ഉച്ചയക്ക് ഒന്നരയോടെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പനമരം പാലത്തിനു സമീപമുള്ള തറവാട് വീട്ടിലെത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും ക്രസന്റ് സ്‌കൂളിലെയും വിദ്യാര്‍ഥികളും തങ്ങളുടെ പ്രിയ സഹപാടികളെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടികള്‍ പനമരം മതോത്ത് പൊയില്‍ തൂക്ക് പാലം കാണാനെത്തിയത് ഈ പ്രദേശത്ത് ദില്‍ഷാനയുടെ പിതാവ് സത്താറിന്റെ സഹോദരന്‍ നുറുദ്ധീന് കൃഷിയിടമുണ്ട്. ഇടക്കിടെ കുടുംബസമേതം ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. അഞ്ച് ദിവസം മുമ്പാണ് സത്താര്‍ ഗള്‍ഫില്‍ നിന്നും വന്നത്. വന്നതിന്റെ രണ്ടാമത്തെ ദിവസവും ഇവിടെയെത്തിയിരുന്നു. അന്ന് തന്നെ കൂടെ കൂട്ടാത്തതിന്റെ സങ്കടത്തിലായിരുന്നു ദില്‍ഷാന. ഈ പരിഭവം തീര്‍ക്കാനുള്ള യാത്രയാണ് ദുരന്തമായത്. പാലം കാണുന്നതിനിടയില്‍ ദില്‍ഷാന, ജസിം, സത്താറിന്റെ സഹോദരന്‍ നൂറുദ്ധീന്റെ മകളായ ഫാത്തിമ എന്നിവര്‍ പുഴയുടെ വഴുക്കലുള്ള ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. മൂന്ന് കുട്ടികളും കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ പുഴയിലേക്ക് ചാടിയ സത്താര്‍ ഫാത്തിമയെ രക്ഷപ്പെടുത്തി. സ്വന്തം മകളെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ ഉച്ചയക്കു ശേഷം പനമരം നിത്യസഹായ മാതാ ദേവാലയ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചു. ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷണന്‍, മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി, വൈസ് പ്രസിഡണ്ട് പി കെ അസ്മത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിരണ്ട് ദിലിപ് കുമാര്‍ സന്ദര്‍ശിച്ചു. പനമരം ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് ന മസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ ടി ഹംസ മുസ്‌ലിിയാര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.